'പ്രതിപക്ഷ ഐക്യത്തില്‍ മോദി അസ്വസ്ഥന്‍'; രണ്ടാം യോഗം ബെംഗളൂരുവില്‍, തീയതി അറിയിച്ച് ശരദ് പവാര്‍

ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ എങ്ങനെയാണ് നേരിടേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ അജണ്ടകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം, സീറ്റ് വിഭജനം തുടങ്ങിയ വിഷയങ്ങളിലെ പ്രാഥമിക ചര്‍ച്ചകളും ഒരുപക്ഷെ നടന്നേക്കാം.

Update: 2023-06-29 13:03 GMT

പട്‌നയിലെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌

Advertising

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ജൂലൈ 13, 14 തീയതികളിലായി ബെംഗളൂരുവില്‍ വെച്ചായിരിക്കും യോഗമെന്ന് ശരദ് പവാര്‍ അറിയിച്ചു. പട്‌ന യോഗം പ്രധാനമന്ത്രിയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂണ്‍ 23ന് പട്‌നയില്‍ വെച്ചായിരുന്നു രാജ്യത്തെ പ്രധാന 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗം നടന്നത്. ബീഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഈ ആദ്യ യോഗത്തില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കേണ്ടതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍.

ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ എങ്ങനെയാണ് നേരിടേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ അജണ്ടകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം, സീറ്റ് വിഭജനം തുടങ്ങിയ വിഷയങ്ങളിലെ പ്രാഥമിക ചര്‍ച്ചകളും ഒരുപക്ഷെ നടന്നേക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.

ദല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകളാണ് പ്രതിപക്ഷ ഐക്യത്തില്‍ ചെറിയ ആശങ്കയുയര്‍ത്തുന്നത്.

ദല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ട്

രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസിനെ എ.എ.പി വിമര്‍ശിച്ചത്. കോണ്‍ഗ്രസുള്ള പ്രതിപക്ഷ പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആം ആദ്മി പറഞ്ഞിരുന്നു. എന്നാല്‍ ബെംഗലൂരു യോഗവുമായി ബന്ധപ്പെട്ട് ആം ആദ്മിയുടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.

അതേസമയം പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യം സാധ്യമല്ലെന്നും ബി.ജെ.പിയെയും എന്‍.ഡി.എയെയും മോദിയെയും അവര്‍ക്ക് തകര്‍ക്കാനാകില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്.

Tags:    

Writer - അന്ന കീര്‍ത്തി ജോര്‍ജ്

contributor

Editor - അന്ന കീര്‍ത്തി ജോര്‍ജ്

contributor

By - Web Desk

contributor

Similar News