'അവൾക്ക് ഹൃദയാഘാതമുണ്ടാകാൻ വഴിയില്ല'; സൊണാലി ഫോഗട്ടിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
അവൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ തന്റെ കുടുംബം തയ്യാറല്ലെന്ന് സഹോദരി
ചണ്ഡീഗഡ്: ഹരിയാനയിലെ ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഹൃദയാഘാതമുണ്ടാകാൻ വഴിയില്ലെന്നും അവൾ ആരോഗ്യവതിയായിരുന്നുവെന്നും സൊണാലി ഫോഗട്ടിന്റെ സഹോദരി പി.ടി.ഐയോട് പറഞ്ഞു. സൊണാലി ഫോഗട്ട് തിങ്കളാഴ്ച രാത്രി ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 'എന്റെ സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകില്ല. അവൾ നല്ല ആരോഗ്യവതിയായിരുന്നു. ഞങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ്. അവൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ എന്റെ കുടുംബം തയ്യാറല്ല. അവൾക്ക് അങ്ങനെയൊരു ആരോഗ്യപ്രശ്‌നമില്ലായിരുന്നു'- സഹോദരി പറഞ്ഞു. സൊണാലി ഫോഗട്ട് ഭക്ഷണം കഴിച്ചതിന് ശേഷം തന്റെ അമ്മയെ വിളിച്ച് സുഖമില്ലെന്ന് പറഞ്ഞിരുന്നതായും സഹോദരി കൂട്ടിച്ചേർത്തു.
സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് പോകുമ്പോഴാണ് സൊണാലി ഫോഗട്ടിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൊണാലി ഫോഗട്ട് തന്റെ ടിക് ടോക് വീഡിയോയിലൂടെയാണ് പ്രശസ്തിയാർജിച്ചത്. 2006 ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ച അവർ രണ്ട് വർഷത്തിന് ശേഷം ബിജെപിയിൽ ചേർന്നു. പിന്നീട് 2016 ൽ അഭിനയ രംഗത്തേക്കും. 2020ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു സൊണാലി ഫോഗട്ട്. 2019 ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അവർ കോൺഗ്രസ് സ്ഥാനാർത്ഥി കുൽദീപ് ബിഷ്നോയിയോട് പരാജയപ്പെട്ടിരുന്നു. കുൽദീപ് ബിഷ്ണോയി ബി.ജെ.പിയിൽ ചേർന്നതിന് ശേഷം കഴിഞ്ഞയാഴ്ച സൊണാലിയെ വീട്ടിലെത്തി സന്ദർശിക്കുകയുമുണ്ടായി.
സൊണാലി ഫോഗട്ടിന്റെ ഭർത്താവ് സഞ്ജയ് ഫോഗട്ട് 2016ലാണ് മരിച്ചത്. ഇടക്കാലത്ത് സൊണാലി ഫോഗട്ട് ചില വിവാദങ്ങളുടെയും ഭാഗമായി. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അവർ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാത്തതിനെ ഒരു കൂട്ടർ ചോദ്യം ചെയ്തു. അവർ പാകിസ്ഥാനിൽ നിന്നുള്ളവരാണോ എന്നായിരുന്നു ഇക്കൂട്ടരുടെ ചോദ്യം. രണ്ട് വർഷം മുമ്പ്, സൊണാലി ഫോഗട്ട് ഹിസാറിൽ ഒരു ഉദ്യോഗസ്ഥനെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.