'ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ല'; തെലങ്കാന ബിജെപി അധ്യക്ഷൻ
പള്ളി ഇമാമുമാർക്ക് നൽകുന്ന അതേ ബഹുമാനം ഹിന്ദു പുരോഹിതർക്കും നൽകണമെന്നും ഇയാൾ പറഞ്ഞു.
ഭഗവത് ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ലെന്നും പാഠം പഠിപ്പിക്കുമെന്നും തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വൈകുണ്ഠധാമം വാഹനങ്ങളിൽ ഗീത കൊണ്ടുപോകുന്നതിനെതിരെയും ബണ്ടി രംഗത്തെത്തി.
ജൻഗാവ് ടൗണിൽ പ്രജ സംഗ്രമ യാത്രയിൽ സംസാരിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം. "പലരും ഭഗവദ് ഗീതയെ അപമാനിക്കുകയാണ്. ഹൈന്ദവ ഗ്രന്ഥം മൃതദേഹം കൊണ്ടുപോകുന്ന വാഹനത്തിൽ വയ്ക്കുന്നു. അത് ഉടൻ നിർത്തണം. ചില ആളുകൾ ഗീതയെ ഹാസ്യവസ്തുവായി കാണുന്നു. വിശുദ്ധ ഗ്രന്ഥത്തെ അനാദരിക്കുന്നവരെ ഞങ്ങൾ നല്ല പാഠം പഠിപ്പിക്കും"- നേതാവ് പറഞ്ഞു.
ഇമാമുകൾക്ക് നൽകുന്ന അതേ ബഹുമാനം ഹിന്ദു പുരോഹിതർക്കും നൽകണമെന്ന് ഇയാൾ പറഞ്ഞു. സംസ്ഥാനത്ത് ബ്രാഹ്മണർക്ക് സംരക്ഷണമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് മാത്രമേ പാർട്ടി ടിക്കറ്റ് നൽകൂ എന്നും സഞ്ജയ് കൂട്ടിച്ചേർത്തു.