'മഞ്ഞുമലയുടെ അറ്റം മാത്രം': കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ ബി.ജെ.പിയില്‍ എത്തിയതിനെ കുറിച്ച് അമരിന്ദര്‍ സിങ്

മുന്‍ മന്ത്രിമാരും പലതവണ എം.എല്‍.എമാരുമായ നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്

Update: 2022-06-05 02:45 GMT
Advertising

ഛത്തിസ്ഗഡ്: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാക്കളെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിനെ മഞ്ഞുമലയുടെ അറ്റം എന്നാണ് അമരിന്ദര്‍ സിങ് വിശേഷിപ്പിച്ചത്. മുന്‍ മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായ രാജ് കുമാർ വെർക്ക, ബൽബീർ സിങ് സിദ്ധു, സുന്ദർ ഷാം അറോറ, ഗുർപ്രീത് സിങ് കംഗാർ, കേവൽ ധില്ലൻ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

"ശരിയായ ദിശയിൽ സഞ്ചരിച്ച് ബി.ജെ.പിയിൽ ചേർന്നതിന് എന്റെ ആശംസകൾ. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്" അമരിന്ദർ സിങ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തുപോകുമെന്നാണ് അമരിന്ദര്‍ പറയുന്നത്.

മൊഹാലിയിൽ നിന്ന് മൂന്ന് തവണ എം.എൽ.എയായ ബൽബീർ സിദ്ധു, മുൻ കോൺഗ്രസ് സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്നു. രാംപുര ഫുളിൽ നിന്ന് മൂന്ന് തവണ എം.എൽ.എയായ ഗുർപ്രീത് കംഗാർ റവന്യൂ മന്ത്രിയായിരുന്നു. മജാ മേഖലയിലെ പ്രമുഖ ദലിത് നേതാവായ വെർക്ക മൂന്ന് തവണ നിയമസഭാംഗമായിട്ടുണ്ട്. മുൻ സർക്കാരിൽ സാമൂഹ്യനീതി, ശാക്തീകരണം, ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്നു. ഹോഷിയാർപൂരിൽ നിന്നുള്ള മുൻ എം.എൽ.എയായ സുന്ദർ ഷാം അറോറ മുൻ കോൺഗ്രസ് സർക്കാരിൽ വ്യവസായ വാണിജ്യ മന്ത്രിയായിരുന്നു. ശിരോമണി അകാലിദളിന്‍റെ മുന്‍ എം.എൽ.എമാരായ സരുപ് ചന്ദ് സിംഗ്ല, മൊഹീന്ദർ കൗർ ജോഷ് എന്നിവരും ഇന്നലെ ബി.ജെ.പിയിൽ ചേർന്നു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുന്‍പാണ് അമരിന്ദര്‍ സിങ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് ഉത്തരവാദി ഗാന്ധി കുടുംബമാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ പഞ്ചാബിൽ കോൺഗ്രസിന്‍റെ അവസ്ഥ നല്ലതായിരുന്നുവെന്നും അമരിന്ദര്‍ പറഞ്ഞു.  സ്വന്തം തെറ്റുകൾ സമ്മതിക്കുന്നതിനുപകരം പഞ്ചാബിലെ തോൽവിയുടെ ഉത്തരവാദിത്വം തന്റെ മേൽ ചുമത്താൻ ശ്രമിച്ചെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെ അമരിന്ദര്‍ വിമര്‍ശിച്ചു.

കഴിഞ്ഞ വർഷം നവംബറിലാണ് അമരിന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് അമരിന്ദര്‍ രാജിക്കത്തില്‍ നടത്തിയത്. 52 വർഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആളായിട്ടും തന്നെ മനസിലാക്കിയില്ലെന്നാണ് അമരിന്ദറിന്‍റെ പരാതി.


Summary- Former Punjab Chief Minister Captain Amarinder Singh yesterday congratulated Congress leaders for joining the BJP, calling the move a tip of the iceberg.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News