'അഞ്ച് മിനിറ്റ് നേരം മരിച്ചെന്നാണ് കരുതിയത്, ശ്വാസമെടുക്കാൻ കഴിഞ്ഞില്ല...'- തിരുപ്പതി ദുരന്തത്തിൽ നിന്ന് രക്ഷപെട്ട ഭക്ത

തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പ്പെട്ട് മരിച്ച ആറുപേരിൽ ഒരാൾ മലയാളിയാണ്

Update: 2025-01-09 13:25 GMT
Editor : banuisahak | By : Web Desk
Advertising

ഹൈദരാബാദ്: 'ഏറെ നേരം കഴിഞ്ഞാണ് ശ്വാസംകിട്ടിയത്... അഞ്ച് മിനിറ്റ് നേരത്തേക്ക് മരിച്ചെന്ന് തന്നെ വിചാരിച്ചു...' തിരുപ്പതി ക്ഷേത്രത്തിലെ തിരക്കില്‍പെട്ട വെങ്കട ലക്ഷ്‌മി പറയുന്നു. ബുധനാഴ്ച രാത്രിയിലെ ദുരന്തത്തിൽ നിന്ന് രക്ഷപെട്ട പലർക്കും ജീവൻ തിരിച്ചുകിട്ടിയത് എങ്ങനെയാണെന്ന് വിശ്വസിക്കാനായിട്ടില്ല. വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടിക്കറ്റുകൾ ലഭിക്കാൻ മണിക്കൂറുകളോളം കാത്തുനിന്നു, ഇതിനിടെ ഗേറ്റുകൾ പെട്ടെന്ന് തുറന്നതും ജനങ്ങൾ കൂട്ടത്തോടെ മുന്നോട്ട് കുതിച്ചതും മാത്രം ഓർമയുണ്ട്. 

കുറച്ച് ആൺകുട്ടികൾ ചേർന്ന് തന്നെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പിടിച്ചുവലിച്ച് പുറത്തെത്തിച്ചെന്നും കുടിക്കാൻ വെള്ളം തന്നെന്നും വെങ്കട ലക്ഷ്‌മി പറയുന്നു. ആളുകൾ മുന്നോട്ട് ഓടുകയായിരുന്നു. താൻ നിൽക്കുന്ന സ്ഥലത്ത് പത്ത് പേരെങ്കിലും താഴെവീണിട്ടുണ്ടാകുമെന്ന് അവർ പറഞ്ഞു. വീഴുന്നുണ്ടെന്ന് നിലവിളിച്ചുപറഞ്ഞിട്ടും ആളുകൾ ചെവികൊണ്ടില്ല. പിന്നിൽ നിന്ന് ആളുകൾ മുന്നോട്ട് ഓടുന്നുണ്ടായിരുന്നു. ആരെയും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഭക്തരുടെ മുകളിലൂടെ ചവിട്ടിയാണ് ആളുകൾ മുന്നോട്ട് പോയത്. വളരെ നേരത്തേക്ക് ശ്വസിക്കാൻ പോലും കഴില്ലെന്നും വെങ്കട ലക്ഷ്‌മി പറഞ്ഞു. 

ഭക്തർക്ക് ക്രമാനുഗതമായി മുന്നോട്ട് പോകാൻ പൊലീസ് അനുവാദം നൽകിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും അവർ പറഞ്ഞു. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് താൻ വന്നതെന്നും വൈകുന്നേരം 7 മണിക്കാണ് ഗേറ്റ് തുറന്നതെന്നും മറ്റൊരു ഭക്തൻ പറഞ്ഞു. ഭക്തരോട് തിരക്കിട്ട് വരിവരിയായി പോകരുതെന്ന് ഒരാൾ പറഞ്ഞു. പക്ഷെ, ആരും കേട്ടില്ല. പൊലീസ് അകത്തായിരുന്നില്ല, പുറത്തായിരുന്നു. 

5,000 ഭക്തർ എത്തുമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പെട്ടെന്ന് ഗേറ്റ് തുറന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും ഭക്തർ ആരോപിക്കുന്നു. 

ബുധനാഴ്ച രാത്രി തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറിലെ തിക്കിലും തിരക്കിലുംപെട്ടാണ് ദുരന്തമുണ്ടായത്. ആറ് ഭക്തർ മരിക്കുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്.

മരിച്ച ആറുപേരിൽ ഒരാൾ മലയാളിയാണ്. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. നിര്‍മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News