മോർബി പാലം തകര്‍ച്ചയെ കുറിച്ച് ട്വീറ്റ് ; തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപണം
ബി.ജെ.പി രാഷ്ട്രീയ പകപോക്കലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നെന്നും തൃണമൂൽ കോൺഗ്രസ്
ജയ്പൂർ: ഗുജറാത്തിലെ മോർബി പാലം തകർന്നതിനെ കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിൽ പാർട്ടിയുടെ ദേശീയ വക്താവ് സാകേത് ഗോഖലെയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിക്കുള്ള വിമാനത്തിൽ സാകേത് ന്യൂഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട സാകേതിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നൈന്ന് പാർട്ടി നേതാവ് ഡെറക് ഒബ്രിയൻ ട്വീറ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി ഗോഖലെ അമ്മയെ വിളിച്ച് പൊലീസ് തന്നെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയാണെന്നും ഉച്ചയോടെ അവിടെ എത്തുമെന്നും അറിയിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ അമ്മയെ വിളിച്ച് അവർ തന്നെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയാണെന്നും ഇന്ന് ഉച്ചയോടെ അഹമ്മദാബാദിൽ എത്തുമെന്നും പറഞ്ഞു. രണ്ട് മിനിറ്റ് ഫോൺ വിളിക്കാനും പൊലീസ് അദ്ദേഹത്തെ അനുവദിച്ചു. തുടർന്ന് ഫോണും എല്ലാ സാധനങ്ങളും കണ്ടുകെട്ടിയെന്നും ഡെറക് ഒബ്രിയൻ ട്വീറ്റ് ചെയ്തു. ബിജെപി രാഷ്ട്രീയ പകപോക്കലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു.
മോർബി പാലം തകർച്ചയെക്കുറിച്ചുള്ള സാകേതിന്റെ ട്വീറ്റിനെക്കുറിച്ച് അഹമ്മദാബാദ് സൈബർ സെല്ലിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഒക്ടോബർ 30 നാണ് ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചു നദിയിലെ കൊളോണിയൽ കാലഘട്ടത്തിലെ പാലം തകർന്ന് 141 പേർ മരിച്ചത്. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അപകടം കൂടിയായിരുന്നു ഇത്. ചരിത്രപ്രസിദ്ധമായ കൊളോണിയൽ കാലഘട്ടത്തിലെ പാലമാണ് തകർന്നുവീണത്. അറ്റകുറ്റപ്പണികൾക്കായി മാർച്ചിലാണ് ഒറെവ കമ്പനിയെ നിയമിക്കുന്നത്. ഏഴു മാസത്തിനു ശേഷം ഒക്ടോബർ 26 ന് ഗുജറാത്തി പുതുവത്സരം ആഘോഷ വേളയിലാണ് പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടുമെന്നായിരുന്നു കമ്പനി കരാറിൽ അറിയിച്ചിരുന്നത്. എന്നാൽ അത് ലംഘിച്ച് പാലം തുറന്നത് ഗുരുതരവും നിരുത്തരവാദപരവുമായ വീഴ്ചയാണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.