കാൽ നഖങ്ങൾ പറിച്ചുമാറ്റി, നായ്ക്കളെ കൊണ്ട് കടിപ്പിച്ചു; ജോലി ഉപേക്ഷിച്ചതിന് യു.പിയിൽ ദലിത് ജീവനക്കാരനെ ക്രൂരമായി മർദിച്ച് കൊന്നു
ബലം പ്രയോഗിച്ച് കാലിലെ നഖങ്ങൾ നീക്കം ചെയ്തതോടെ ബിട്ടു കൊടുംവേദനയാൽ പുളഞ്ഞ് നിലവിളിച്ചെങ്കിലും പ്രതികൾ വെറുതെവിടാൻ തയാറായില്ല.
കാൺപൂർ: വേതനം കുറവായതിനാൽ ജോലി ഉപേക്ഷിച്ച ദലിതനായ ജീവനക്കാരനെ ക്രൂരമായി മർദിച്ച് കൊന്ന് സ്ഥാപന ഉടമയുടെ മകനും സംഘവും. യു.പിയിലെ കാൺപൂരിലാണ് സംഭവം. 50കാരനായ ബിട്ടു ആണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് രാത്രി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂര മർദനത്തിന് ഇരയാക്കുകയും കാൽനഖങ്ങൾ പറിച്ചുമാറ്റുകയും നായ്ക്കളെ കൊണ്ട് കടിപ്പിക്കുകയും ചെയ്തായിരുന്നു കൊലപാതകം.
കാൺപൂരിലെ പ്രതിഷ്ത ഗെസ്റ്റ് ഹൗസിലെ ജീവനക്കാരനായിരുന്നു ബിട്ടു. എന്നാൽ ശമ്പളം കുറവായതിനാൽ അവിടുത്തെ ജോലി മതിയാക്കി അടുത്തുള്ള ആശുപത്രിയിൽ പണിക്ക് കയറി. ഇത് ഇഷ്ടപ്പെടാതിരുന്ന ഗെസ്റ്റ് ഹൗസ് ഉടയുടെ മകൻ, ബിട്ടുവിനോട് തിരികെ ജോലിക്ക് പ്രവേശിക്കാൻ സമ്മർദം ചെലുത്തി. എന്നാൽ ബിട്ടു ആവശ്യം നിരസിച്ചു.
സെപ്തംബർ ആറിന് രാത്രി ബിട്ടുവിനെ ഗെസ്റ്റ് ഹൗസ് ഉടമയുടെ മകനും കൂട്ടാളികളും ചേർന്ന് വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോവുകയായിരുന്നെന്ന് കുടുംബക്കാർ പറയുന്നു. തുടർന്ന് മറ്റൊരിടത്ത് കൊണ്ടുപോയി കൂട്ടുകാരുടെ സഹായത്താൽ ക്രൂര മർദനത്തിന് ഇരയാക്കി. ബലം പ്രയോഗിച്ച് കാലിലെ നഖങ്ങൾ നീക്കം ചെയ്തതോടെ ബിട്ടു കൊടുംവേദനയാൽ പുളഞ്ഞ് നിലവിളിച്ചെങ്കിലും പ്രതികൾ വെറുതെവിടാൻ തയാറായില്ല. തുടർന്ന് നായ്ക്കളെ അദ്ദേഹത്തിന് നേരെ അഴിച്ചുവിടുകയും കടിപ്പിക്കുകയും ചെയ്തു.
ഏറെ നേരത്തെ അതിക്രമത്തിനു ശേഷം അക്രമികൾ ബിട്ടുവിനെ താമസസ്ഥലത്തിന് സമീപം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിറ്റേന്ന് രാവിലെ, ഒരു ശുചീകരണ തൊഴിലാളി ബിട്ടുവിനെ കാണുകയും ഉടൻ തന്നെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് കാൺപൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബിട്ടുവിന്റെ മരണത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുഖ്യപ്രതിയടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. ഐപിസി 302 വകുപ്പും പട്ടികജാതി- വർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലഖ്‌ന യാദവ് വ്യക്തമാക്കി.