ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു; നോയിഡയില്‍ 42 ഗ്രാമങ്ങള്‍ ഇരുട്ടില്‍
ദൻകൗർ കോട്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റബുപുര പട്ടണത്തിലെ ട്രാൻസ്ഫോർമറാണ് തീപ്പിടിത്തത്തില്‍ കത്തിനശിച്ചത്
ഗ്രേറ്റര്‍ നോയിഡയില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചതിനെ തുടര്‍ന്ന് 42 ഗ്രാമങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ദൻകൗർ കോട്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റബുപുര പട്ടണത്തിലെ ട്രാൻസ്ഫോർമറാണ് തീപ്പിടിത്തത്തില്‍ കത്തിനശിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും കത്തിനശിച്ചു. രണ്ട് മണിക്കൂറോളം പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തുടർന്ന് ട്രാൻസ്ഫോർമറിൽ പുക പടർന്നതായും അല്‍പ സമയത്തിനകം തീ ആളിപ്പടര്‍ന്നതായും വൈദ്യുതി വകുപ്പ് ജീവനക്കാരൻ പറഞ്ഞു. ഇതിനെ തുടര്‍ന്ന് 42 ഗ്രാമങ്ങള്‍ ഇരുട്ടിലായി. വൈദ്യുതിയും വെള്ളവുമില്ലാതെ നൂറു കണക്കിനാളുകളാണ് കഴിഞ്ഞ 12മണിക്കൂറായി കഷ്ടപ്പെടുന്നത്. വൈകിട്ടോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.
പ്രാരംഭ അന്വേഷണത്തിൽ രാവിലെ തീപിടിച്ച 10MVA ട്രാൻസ്ഫോർമറിന് ചില ആന്തരിക തകരാറുകൾ കണ്ടെത്തിയെന്ന് നോയിഡയിലെ പശ്ചിമഞ്ചൽ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്‍റെ (പിവിവിഎൻഎൽ) ചീഫ് സോണൽ എഞ്ചിനീയർ വി.എൻ സിംഗ് പറഞ്ഞു. റബുപുരയ്ക്ക് ചുറ്റുമുള്ള മിക്കവാറും എല്ലാ ഗ്രാമങ്ങളെയും വൈദ്യുതി തടസം സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജെവാർ എം.എൽ.എ ധീരേന്ദ്ര സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.