'വിദ്യാഭ്യാസത്തിനും ജോലിക്കും ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി തന്നെ പരിഗണിക്കണം'; മദ്രാസ് ഹൈക്കോടതി

ഭാവിയിൽ സ്ത്രീ/പുരുഷ കാറ്റഗറിയിൽ ട്രാൻസ്‌ജെൻഡറുകൾ ഉണ്ടാകരുതെന്നും കോടതി കർശന നിർദേശം നൽകി

Update: 2024-06-13 14:57 GMT
Advertising

ചെന്നൈ: ജോലിക്കും വിദ്യാഭ്യാസത്തിനുമുൾപ്പടെ ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി തന്നെ പരിഗണിക്കണമെന്ന് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. സ്ത്രീ-പുരുഷ കാറ്റഗറികളിൽ ട്രാൻസ്‌ജെൻഡറുകളെ ഉൾപ്പെടുത്തരുതെന്നാണ് കർശന നിർദേശം. ജസ്റ്റിസ് വി.ഭവാനി സുബ്ബരായൻ അധ്യക്ഷയായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ജാതിമതഭേദമന്യേ ട്രാൻസ്‌ജെൻഡറുകളെ ഒരു വിഭാഗമാക്കി പരിഗണിക്കണമെന്നാണ് കോടതി നിർദേശം. കട്ട് ഓഫ് മാർക്കിലുൾപ്പടെ ഈ വിഭാഗത്തിന് വ്യത്യസ്ത മാനദണ്ഡളേർപ്പെടുത്താൻ സംസ്ഥാനത്തെ റിക്രൂട്ടിംഗ് ഏജൻസികൾക്ക് നിർദേശം നൽകാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിൽ, വിദ്യാഭ്യാസരംഗങ്ങളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രായത്തിലും ഇനിമുതൽ ഇളവുണ്ടാകും. ഭാവിയിൽ സ്ത്രീ/പുരുഷ കാറ്റഗറിയിൽ ട്രാൻസ്‌ജെൻഡറുകൾ ഉണ്ടാകരുതെന്നും കോടതി കർശന നിർദേശം നൽകി.

സിവിൽ സർവീസ് പരീക്ഷയിൽ ട്രാൻസ്‌ജെൻഡറായത് കൊണ്ട് അവസരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി, ആർ അനുശ്രീ എന്ന ട്രാൻസ് യുവതി സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.പട്ടികജാതി-സ്ത്രീ വിഭാഗത്തിലായിരുന്നു തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മിഷൻ ഇവരെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വിഭാഗത്തിലെ കട്ട് ഓഫ് മാർക്കിനേക്കാൾ കുറവ് മാർക്കാണ് നേടിയത് എന്നതിനാൽ പരീക്ഷയിൽ നിന്ന് വിലക്കി. ഇതേത്തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുന്നത്.

ട്രാൻസ്‌ജെൻഡർ യുവതിയെ സ്ത്രീകളുടെ വിഭാഗത്തിൽ പരിഗണിക്കുന്നത് സുപ്രിംകോടതിയുടെ ഉത്തരവിനെതിരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ട്രാൻസ്‌ജെൻഡറുകളെയെല്ലാം പുരുഷ വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന പഞ്ചാബ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിക്കാനും കോടതി മറന്നില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News