ദേശീയ പാര്‍ട്ടി പദവിയില്ല; പ്രതിപക്ഷ നേതൃമുഖമായി സ്വയം ഉയർത്തിക്കാട്ടിയ മമതയ്ക്ക് തിരിച്ചടി
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃമുഖമായി സ്വയം ഉയർത്തിക്കാട്ടിയാണ് മമത അണിയറയിൽ കരുനീക്കം നടത്തിയത്
കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി നഷ്ടമായത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി. ബി.ജെ.പിക്ക് ബദലായി പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്തേക്ക് സ്വയം ഉയർത്തിക്കാട്ടിയ നടപടിയാണ് പാളിയത്. രാജ്യസഭാ എംപി ലൂസിഞ്ഞോ ഫെലേറയുടെ രാജിയും ടി.എം.സിയ്ക്ക് ആഘാതമായി.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃമുഖമായി സ്വയം ഉയർത്തിക്കാട്ടിയാണ് മമത അണിയറയിൽ കരുനീക്കം നടത്തിയത്. മേഘാലയയിൽ കോൺഗ്രസിനെ പിളർത്തി കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായതും ഗോവ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ പ്രചാരണം നയിച്ചതും ബംഗാളിന് പുറത്തുള്ള ശക്തിപ്രകടിപ്പിക്കാനായിരുന്നു. എന്നാൽ കടുത്ത പരാജയം നേരിട്ട ടി.എം.സിക്ക് മിക്ക സീറ്റുകളിലും കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടിയില്ല.
തൃണമൂലിനു 23 ലോക്‌സഭാ എംപിമാർ ഉണ്ടെങ്കിലും എല്ലാവരും ബംഗാളിൽ നിന്നാണ്. രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് എംപിമാരെ ലഭിച്ചിരുന്നെങ്കിൽ ദേശീയ പാർട്ടി പദവി നിലനിർത്താൻ കഴിയുമായിരുന്നു. ബംഗാൾ, മേഘാലയ, നാഗാലാൻഡ് കൂടാതെ ഒരിടത്ത് കൂടി സംസ്ഥാന പാർട്ടി പദവി ലഭിച്ചിരുന്നെങ്കിൽ, ദേശീയ പദവി നഷ്ടമാകുമായിരുന്നില്ല.
ബി.ജെ.പി -കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളിൽ ആം ആദ്മി പാർട്ടിക്ക് ദേശീയ പദവി ലഭിച്ചതും ടി.എം.സിക്ക് ക്ഷീണമായി. ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിലൂടെ നരേന്ദ്ര മോദിക്കെതിരെ ആക്രമണം ശക്തമാക്കിയത് അരവിന്ദ് കെജ്‌രിവാൾ ആണ്. ആം ആദ്മിക്ക് മേൽക്കൈ ലഭിക്കുന്നതോടെ ഇല്ലാതാകുന്നത് മമതയുടെ സാധ്യത കൂടിയാണ്.