അസമില്‍ വിമത ശിവസേനാ എം.എൽ.എമാരെ പാർപ്പിച്ച ഹോട്ടലിന് പുറത്ത് തൃണമൂൽ പ്രതിഷേധം
വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് സുപ്രിംകോടതിയിൽ ഹരജി
ഗുവാഹത്തി: വിമത എം.എൽ.എമാരെ പാർപ്പിച്ച അസമിലെ ഹോട്ടലിന് പുറത്ത് തൃണമൂൽ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. അസമിൽ പ്രളയ രക്ഷാപ്രവർത്തനം നടത്താതെ എം.എൽ.എമാർക്ക് സംരക്ഷണം ഒരുക്കുന്നുവെന്നാണ് ആരോപണം. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് മുന്നിലാണ് പ്രതിഷേധം. ഗുവാഹത്തിയിലുള്ളത് മഹാരാഷ്ട്രയിലെ 42 എം.എൽ.എമാരാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അസമിലെ അധ്യക്ഷന്‍ രിപുന്‍ ബോറയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് സംഘത്തെ അണിനിരത്തി പ്രതിഷേധക്കാരെ തടഞ്ഞു. മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അസം സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 55 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടും ഒന്നും ചെയ്യാതെ അസം സര്‍ക്കാര്‍ മറ്റൊരു സംസ്ഥാനത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒത്താശ ചെയ്യുകയാണെന്നാണ് പരാതി.
അതേസമയം വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് സുപ്രിംകോടതിയിൽ ഹരജിയെത്തി. കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറാണ് ഹരജി നൽകിയത്.
പാർട്ടിയുടെ കരുത്ത് ചോർന്നിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. 20 വിമത എം.എൽ.എമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അവർ മുംബൈയിൽ മടങ്ങിയെത്തുമ്പോൾ കാര്യങ്ങൾ മനസിലാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്ന എം.എല്‍.എമാരുടെ യോഗം ഉദ്ധവ് താക്കറെ വിളിച്ചിട്ടുണ്ട്.
അതിനിടെ വിമതരെ വിമർശിച്ച് പാർട്ടി മുഖപത്രമായ സാമ്‌നയില്‍ ലേഖനം. വിമതർ സേനയോട് സത്യസന്ധത പുലർത്തിയില്ലെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സേനയുടെ സീറ്റിൽ ജയിച്ചവർ ഇപ്പോൾ ബി.ജെ.പിയുടെ കൂടെയാണ്. ബി.ജെ.പി രാഷ്ട്രീയ മാന്യത കാണിക്കണം. വിമത എം.എൽ.എമാരുടെ നേതാവ് ഏക്‌നാഥ് ഷിൻഡെ ചതിയനാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. സി.ബി.ഐയെയും ഇ.ഡിയെയും ഭയന്നാണ് ഷിൻഡെ ഒളിച്ചോടിയതെന്നും സാമ്‌ന ആരോപിക്കുന്നു.