ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ്; സുരക്ഷാ നടപടികളുടെ വിശദാംശങ്ങൾ ആരാഞ്ഞ് സുപ്രിം കോടതി
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു
തദ്ദേശ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് ത്രിപുര സർക്കാറിനോട് സുപ്രീംകോടതി. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് കോടതി നിർദേശം നൽകിയത്. ത്രിപുരയിൽ വ്യാപക അക്രമം നടക്കുന്നുവെന്നും തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.
വോട്ടെടുപ്പിനും വോട്ടെണ്ണലിനുമടക്കം ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ, കേന്ദ്രസേനയുടെ വിന്യാസം എന്നിവയിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇന്ന് 3.30 വരെ സംസ്ഥാന സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ 3.30ന് ഹരജി വീണ്ടും പരിഗണിക്കും.
ഒക്ടോബർ 22നാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നത്. നവംബർ 25നാണ് 13 മുൻസിപ്പൽ കൗൺസിലുകളിലേക്കും ആറ് നഗര പഞ്ചായത്തുകൾക്കുമുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം.
Tripura govt to give SC details on poll-related security measures at 3.30 pm