പുത്തൻ ബൊലേറോ വീട്ടിലെത്തിച്ച് മാപ്പും പറഞ്ഞു; കർഷകനെ അപമാനിച്ചുവിട്ട സംഭവത്തിന് ശുഭാന്ത്യം

കർഷകനോട് മാപ്പ് പറഞ്ഞ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരുന്നു

Update: 2022-09-07 10:03 GMT
Editor : Lissy P | By : Web Desk
Advertising

വാഹനം വാങ്ങാനെത്തിയ കർഷകനെ വേഷം നോക്കി പരിഹസിച്ച സംഭവത്തിന് ശുഭാന്ത്യം. മഹീന്ദ്രഷോറൂമിൽ നിന്ന് അപമാനിച്ചു വിട്ട കർഷകന് പുത്തൻ ബൊലേറോ വീട്ടിലെത്തി കൈമാറുകയും തങ്ങൾക്ക് പറ്റിയ തെറ്റിന് മാപ്പുപറയും ചെയ്തിരിക്കുകയാണ് ഷോറൂം ജീവനക്കാർ. വെള്ളിയാഴ്ച വൈകിട്ട് ഷോറൂം ജീവനക്കാർ തന്നെ വാഹനം കെമ്പഗൗഡയുടെ വീട്ടിലെത്തിക്കുകയായിരുന്നു.

മഹീന്ദ്രയുടെ മുതിർന്ന എക്‌സിക്യൂട്ടീവുകളും മറ്റ് ജീവനക്കാരും വെള്ളിയാഴ്ച രാവിലെ എന്റെ വീട്ടിലെത്തുകയും സംഭവിച്ചതിനെല്ലാം ക്ഷമാപണം നടത്തുകയും ചെയ്‌തെന്ന് അപമാനം നേരിട്ട കർഷകനായ കെമ്പഗൗഡ പറഞ്ഞു. വാഹനം വൈകിട്ട് എത്തിക്കാമെന്ന് പറഞ്ഞ് അവർ പോയി. പറഞ്ഞ സമയത്ത് തന്നെ അവർ വാഹനം വീട്ടിലെത്തിച്ചു നൽകിയെന്നും അദ്ദേഹം പറഞ്ഞു.



തുടർന്ന് മഹീന്ദ്ര വാഹനം നൽകിയ കാര്യം ട്വിറ്ററിൽ അറിയിക്കുകയും ചെയ്തു. 'ഞങ്ങളുടെ ഡീലർഷിപ്പ് സന്ദർശിച്ചപ്പോൾ കെമ്പഗൗഡയ്ക്കും സുഹൃത്തുക്കൾക്കും ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. സംഭവത്തിൽ ഉചിതമായ നടപടികൾ സ്വീകരിച്ചു. ഇപ്പോൾ പ്രശ്‌നം പരിഹരിച്ചു. ഞങ്ങളെ തിരഞ്ഞെടുത്തതിന് കെമ്പഗൗഡയോട് നന്ദി പറയുന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക, ഞങ്ങൾ അദ്ദേഹത്തെ മഹീന്ദ്ര കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു'. എന്നായിരുന്നു കമ്പനി ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് മഹീന്ദ്ര ഗ്രൂപ്പ് തലവൻ ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തു: ' മിസ്റ്റർ കെമ്പഗൗഡയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം' എന്നുപറഞ്ഞാണ് ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തത്. സംഭവത്തിൽ ക്ഷമാപണം ചോദിച്ച് ആനന്ദ് മഹീന്ദ്ര നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തികളുടെ അന്തസ് ഉയർത്തി പിടിക്കണമെന്നും സമൂഹത്തിന്റെയും പങ്കാളികളുടെയും ഉന്നമനമാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ കുറിച്ചു. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹീന്ദ്രയുടെ സി.ഇ.ഒവിജയ് നക്രയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് ഷോറൂം ജീവനക്കാർ തന്നെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.




ജനുവരി 212 നാണ്ദേശീയ തലത്തിൽ തന്നെ ഏറെ ചർച്ചയായ സംഭവം നടന്നത്. കർണാടകയിലെ തുമകൂരിലെ കാർ ഷോറൂമിൽ വാഹനം ബുക്ക് ചെയ്യാനെത്തിയതായിരുന്നു ചിക്കസാന്ദ്ര ഹോബ്ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും. ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിക്കുകയും ചെയ്തു. 'പോക്കറ്റിൽ 10 രൂപപോലുമുണ്ടാകില്ല. പിന്നയല്ലേ 10 ലക്ഷം രൂപ കൊടുക്കുന്നത്'. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോൾ തമാശക്ക് കാർ നോക്കാൻ വന്നതാവും ഇവരെന്നാണ് സെയിൽസ് എക്‌സിക്യൂട്ടീവ് കരുതിയത്. എന്നാൽ അയാളുടെ വാക്കുകൾ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവർ ഷോറൂമിൽ നിന്ന് ഇറങ്ങിപ്പോകുകയും അരമണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ എത്തിക്കുകയും ചെയ്തു. ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുതിനാൽ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാൻ സാധ്യതയില്ലെന്നായിരുന്നു ഷോറൂമുകാർ കരുതിയത്.പക്ഷേ പറഞ്ഞ സമയത്തിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോൾ ഷോറുമുകാർ ശരിക്കും ഞെട്ടി. അടുത്ത രണ്ടുദിവസങ്ങളും അവധിയായതിനാൽ വാഹനം ഡെലിവറി ചെയ്യാൻ ഷോറൂം ജീവനക്കാർക്ക് സാധിച്ചില്ല.

എന്നാൽവാഹനം ഇന്ന് തന്നെ ഡെലിവറി ചെയ്യണമെന്നാവശ്യപ്പെട്ട് ഷോറൂമിൽ കുത്തിയിരുന്ന് സമരം നടത്തുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് കെമ്പഗൗഡയെയും സുഹൃത്തുക്കളെയും അനുനയിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം രാജ്യമറിഞ്ഞത്. വേഷം നോക്കി ആളുകളെ വിലയിരുത്താൻ പോയാൽ ഇതായിരിക്കും ഫലമെന്നും ഇതുപോലെ ഷോറൂം ജീവനക്കാർ അപമാനിച്ചുവിട്ട അനുഭവങ്ങൾ പങ്കുവെച്ചും നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെച്ചിരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News