ജമ്മു കശ്മീരില്‍ ഡ്രോണ്‍ ആക്രമണം പരാജയപ്പെടുത്തിയതായി സൈന്യം
ഇന്ത്യൻ വ്യോമ സേനയുടെ പരിധിയിൽ രണ്ട് ചെറു സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്.
ജമ്മു കശ്മീരിൽ രണ്ട് ഡ്രോൺ അക്രമങ്ങൾ പരാജയപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം. ജമ്മുവിലെ രത്നൂചക്ക് - കാലൂചക്ക് സൈനിക സ്റ്റേഷന് കേന്ദ്രത്തിന് സമീപത്തായി അര്‍ധ രാത്രിയോടെയാണ് രണ്ട് ഡ്രോണുകളെ കണ്ടെത്തിയതെന്ന് സേനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡ്രോൺ ശ്രദ്ധയിൽ പെട്ടയുടനെ ദ്രുതകർമ സേന വെടിവെപ്പ് നടത്തി അക്രമണ പദ്ധതി പരാജയപ്പെടുത്തി. ഡ്രോണുകൾ രണ്ടും തിരികെ പറന്ന് പോയതായും സൈന്യത്തിന്റെ ജാഗ്രതയുടെ ഫലമായി വലിയൊരു ഭീഷണി ഇല്ലാതാക്കിയതായും സൈനിക വക്താവ് ലഫ്റ്റണന്റ് കേണൽ ദേവേന്ദർ ആനന്ദ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജമ്മുവിലെ തന്നെ ഇന്ത്യൻ വ്യോമ സേനയുടെ പരിധിയിൽ രണ്ട് ചെറു സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. സ്ഫോടനത്തില്‍ രണ്ട് സൈനികോദ്യോഗസ്ഥർക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു. വ്യോമ സേന പ്രദേശത്തും ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് ജമ്മു കശ്മീര‍് ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞിരുന്നു. എന്നാൽ വായു സേന ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.