സ്വേച്ഛാധിപതികളെ പരാജയപ്പെടുത്തണം; മാറ്റത്തിനായി വോട്ട് ചെയ്യുക: ഖാർഗെ

ഇൻഡ്യാ മുന്നണി വിജയിക്കുന്നത് കാണാൻ ജനം ആഗ്രഹിക്കുന്നു എന്നും ഖാർഗെ

Update: 2024-06-01 05:46 GMT

ഡൽഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ മാറ്റത്തിനായി വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വേച്ഛാധിപതികളെ പരാജയപ്പെടുത്തുമ്പോൾ മാത്രമേ 'ജനാധിപത്യത്തിന്റെ ഉത്സവം' വിജയകരമാകുകയുള്ളു എന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റിലൂടെ ജനങ്ങളെ ഓർമിപ്പിച്ചു.

'യുദ്ധം ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എല്ലാ ഘട്ടങ്ങളിലും പൊതുജനങ്ങൾ ഞങ്ങളോടൊപ്പം ഉറച്ചുനിന്നു. ആറ് ഘട്ടങ്ങൾക്ക് ശേഷം ഞങ്ങൾ വിജയിക്കുന്നത് കാണാൻ ആളുകൾ ആഗ്രഹിക്കുന്നു,' 'എക്സ് പോസ്റ്റിൽ ഖാർഗെ പറഞ്ഞു.

Advertising
Advertising

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള അവസാനഘട്ട വോട്ടെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഇൻഡ്യ മുന്നണി സ്വേച്ഛാധിപത്യ ശക്തികളോട് ധീരമായി പോരാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് ബൂത്തിലെത്തുമ്പോൾ എല്ലാവരും ഭരണഘടനയുടെ ആമുഖത്തെക്കുറിച്ച് ചിന്തിക്കണമെന്നും ഖാർഗെ പറഞ്ഞു. കർഷകർ, യുവാക്കൾ, തൊഴിലാളികൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ഖാർഗെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഭരണഘടനയുണ്ടെങ്കിലേ മൗലികാവകാശങ്ങൾ നിലനിൽക്കുകയുള്ളു എന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ആദ്യമായി പോളിങ് ബൂത്തുകളിലേക്കെത്തുന്ന കന്നി വോട്ടർമാരോടും മാറ്റത്തിനായി വോട്ടുചെയ്യാൻ ഖാർഗെ ഓർമിപ്പിച്ചു.

പഞ്ചാബിലെ 13, ഹിമാചൽ പ്രദേശിലെ നാല്, ഉത്തർപ്രദേശിലെ 13, പശ്ചിമ ബംഗാളിലെ ഒമ്പത്, ബീഹാറിലെ എട്ട്, ഒഡീഷയിലെ ആറ്, ജാർഖണ്ഡിലെ മൂന്ന്, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - അരുണ്‍രാജ് ആര്‍

contributor

Similar News