ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് വിളിച്ച് ഡിഎംകെ മന്ത്രി; അഭ്യൂഹങ്ങള്‍ ശരിയാകുമോ?

അബദ്ധം പറ്റിയെന്ന് മനസിലായതോടെ പറഞ്ഞത് തിരുത്തിയ കണ്ണപ്പന്‍ ആഗസ്ത് 19ന് ശേഷമേ ഉദയനിധിയെ മുഖ്യമന്ത്രിയെന്ന് പരാമര്‍ശിക്കാന്‍ സാധിക്കുകയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു

Update: 2024-08-10 07:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: ഡിഎംകെ നേതാവും യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ ശരിവച്ച് ഡിം.എം.കെ മന്ത്രിയുടെ നാക്കുപിഴ. രാമനാഥപുരത്ത് വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പിന്നാക്കക്ഷേമ മന്ത്രി ബി. രാജ കണ്ണപ്പനാണ് അബദ്ധത്തില്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രിയെന്ന് വിളിച്ചത്. അബദ്ധം പറ്റിയെന്ന് മനസിലായതോടെ പറഞ്ഞത് തിരുത്തിയ കണ്ണപ്പന്‍ ആഗസ്ത് 19ന് ശേഷമേ ഉദയനിധിയെ മുഖ്യമന്ത്രിയെന്ന് പരാമര്‍ശിക്കാന്‍ സാധിക്കുകയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.

'വിദ്യാഭ്യാസവും വൈദ്യവും ഇരുകണ്ണുകൾ പോലെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തെ അദ്ദേഹം വളരെയധികം ബഹുമാനിക്കുന്നു. നമ്മുടെ ഉപമുഖ്യമന്ത്രിയുടെ കീഴിൽ നൈപുണ്യ വികസനം എന്നൊരു വകുപ്പുണ്ട് എന്നതാണ് നേട്ടം--ക്ഷമിക്കണം, നമ്മുടെ മന്ത്രി ഉദയനിധി. ക്ഷമിക്കണം, ആഗസ്റ്റ് 19ന് മുമ്പ് ഞങ്ങൾക്ക് അദ്ദേഹത്തെ അങ്ങനെ വിളിക്കാൻ കഴിയില്ല". എന്നായിരുന്നു രാജ കണ്ണപ്പന്‍ പറഞ്ഞത്.

മുഖ്യമന്ത്രി സ്റ്റാലിൻ യു.എസ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് മകൻ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു.ആഗസ്ത് 22നാണ് സ്റ്റാലിന്‍റെ യു.എസ് പര്യടനം ആരംഭിക്കുന്നത്.ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തൻ്റെ മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ലെന്നാണ് സ്റ്റാലിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനായുള്ള തൻ്റെ പാർട്ടിക്കുള്ളിലെ മുറവിളി കൂടുതൽ ശക്തമായിട്ടുണ്ടെന്ന് സ്റ്റാലിൻ അടുത്തിടെ സമ്മതിച്ചിരുന്നുവെങ്കിലും അവർ കാത്തിരിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചിരുന്നു. 2026-ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാൽ, ഉദയനിധിക്ക് ബാറ്റൺ കൊണ്ടുപോകാൻ കഴിയുമെന്ന് സ്റ്റാലിന് അറിയാം.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഉടനീളം പ്രചാരണം നടത്തിയത് ഉദയനിധിയായിരുന്നു. മാർച്ച് 16 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലെ 121 സ്ഥലങ്ങളിൽ ഉദയനിധി പ്രചാരണം നടത്തിയിരുന്നു.

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ൽ ലോക്സഭാ തെര‍ഞ്ഞെടുപ്പിനു പിന്നാലെ എം.കെ സ്റ്റാലിനെ ഉപ മുഖ്യമന്ത്രിയാക്കിയിരുന്നു. സ്റ്റാലിന്റെ വഴിയിൽ തന്നെ ഉദയനിധിക്കും അവസരമൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രധാന മുഖമായി ഉദനയനിധിയെ മാറ്റാനും ഡിഎംകെ ലക്ഷ്യമിടുന്നുണ്ട്. ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകളോട് നേരത്തെ ഉദയനിധി പ്രതികരിച്ചിരുന്നു. ഡിഎംകെ സർക്കാരിലെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടിമാരായി പ്രവർത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News