നഴ്‌സിംഗ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി
''കഴിഞ്ഞ കുറച്ചു രാത്രികളിൽ അവൾ ഉറങ്ങിയിട്ടില്ല... രാത്രി മുഴുവൻ ഹോസ്റ്റൽ പരിസരത്ത് കൂടെ നടക്കുകയായിരുന്നു''
ഭുവനേശ്വർ: ഉറങ്ങാൻ കഴിയാത്തതിനെ തുടർന്ന് ഒഡീഷയിൽ നഴ്‌സ്ംഗ് വിദ്യാർഥി ജീവനൊടുക്കി. ഞായറാഴ്ചയാണ് സംഭവം. ഭുവനേശ്വറിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലാണ് ഉറങ്ങാൻ കഴിയാത്തതാണ് മരണകാരണമെന്ന് മനസിലായത്.
കുറച്ചു ദിവസമായി നല്ല രീതിയിലുള്ള ഉറക്കം ലഭിച്ചില്ല എന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ല എന്നും കത്തിൽ പറയുന്നു. അതേസമയം തന്റെ പ്രവർത്തിയിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നുമുണ്ട്. കത്ത് അവള്‍ തന്നെ എഴുതിയതാണോ എന്ന് ഫോറൻസിക് വിഭാഗം പരിശോധിച്ചു വരികയാണ്.
എല്ലാവരും ഉറങ്ങുന്ന സമയത്ത് രാത്രി മുഴുവൻ അവൾ ഹോസ്റ്റൽ പരിസരത്ത് കൂടെ നടക്കുകയായിരുന്നു എന്ന് അധികൃർ പറഞ്ഞു. കുട്ടി വലിയ മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ശനിയാഴ്ച രാത്രി തന്നെ മാതാപിതാക്കളെ അറിയിച്ചിരുന്നു എന്നും വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു എന്നും ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കി.
''കഴിഞ്ഞ കുറച്ചു രാത്രികളിൽ അവൾ ഉറങ്ങിയിട്ടില്ല, അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കുറച്ച് ദിവസത്തേക്ക് തങ്ങളോടൊപ്പം താമസിപ്പിക്കണമെന്ന് ഹോസ്റ്റൽ അധികൃതർ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് മനസിലായില്ല''- കുടുംബാംഗം പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കത്തിൽ ആർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.