അസം മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രചാരണം; മേഘാലയയിലെ സർവകലാശാലയിൽ പ്രവേശനം നേടുന്നവരിൽ വൻ ഇടിവ്
'തൻ്റെ തൊപ്പിയും താടിയുമാണ് ശർമ തന്നെ ലക്ഷ്യം വെക്കാൻ കാരണം'
ന്യൂഡൽഹി: പ്രളയജിഹാദ് നടത്തുകയാണെന്നടക്കം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിദ്വേഷ പ്രചാരണം നടത്തിയ മേഘാലയയിലെ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. സർവകലാശാലയുടെ ചാൻസലർ മഹ്ബൂബുൾ ഹഖ് ദി പ്രിൻ്റിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം പ്രതീക്ഷിച്ചതിനേക്കാൾ പ്രവേശനം നേടുന്നവരുടെ എണ്ണം കുറയുമെന്ന് ഭയപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അസം സ്വദേശിയായ മഹ്ബൂബുൽ ഹഖ് സ്ഥാപിച്ച എജുക്കേഷൻ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന് കീഴിൽ 2008ലാണ് സർവകലാശാല ആരംഭിക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് പട്ടികയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഇടംപിടിച്ച ഏക സ്വകാര്യ സർവകലാശാലയാണിത്. രാജ്യത്തെ മികച്ച 200 സർവകലാശാലകളുടെ പട്ടികയിലാണ് സ്ഥാപനം ഇടംപിടിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി സ്വകാര്യ സർവ്വകലാശാലയ്‌ക്കെതിരെയും അതിൻ്റെ ചാൻസലർക്കെതിരെയും ശർമ നിരവധി വിമർശനങ്ങളാണ് ഉന്നയിച്ചത്. സർവകലാശാലയിലെ വിദ്യാർഥികളെ അസമിലെ സർക്കാർ ജോലികളിൽ നിന്ന് വിലക്കിയേക്കാമെന്ന് ശർമ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇത് പ്രവേശനം തേടുന്നതിൽ നിന്ന് അസമിൽ നിന്നുള്ള വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തിയേക്കുമെന്ന് ഹഖ് ആശങ്ക പങ്കുവെച്ചു. സർവകലാശാലയിൽ പ്രവേശനം തേടുന്നവരിൽ ഭൂരിഭാഗവും അസം സ്വദേശികളാണ്.
'അദ്ദേഹത്തിൻ്റെ പ്രസ്താവനയെത്തുടർന്ന്, തങ്ങളുടെ നിലവിലുള്ള അഡ്മിഷനുകളിൽ വലിയ ഇടിവാണ് കാണാൻ സാധിക്കുന്നത്. പ്രവേശന പ്രക്രിയ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, ഈ വർഷം തങ്ങൾ പ്രതീക്ഷിച്ചതിൽ നിന്ന് ഏകദേശം 1,000 വിദ്യാർഥികളുടെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായതിനാൽ തങ്ങളുടെ വിദ്യാർഥികളിൽ കൂടുതൽ പേരും അസമിൽ നിന്നാണ് വരുന്നത്. സർക്കാർ ജോലിക്ക് യോഗ്യരല്ലെന്ന് കണ്ടാൽ അസമിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ തങ്ങളുടെ ബിരുദം കൊണ്ട് എന്തുചെയ്യണമെന്ന് ചിന്തിക്കും.'- ഹഖ് പ്രിൻ്റിനോട് പറഞ്ഞു.
സർവകലാശാലക്കെതിരെ കഴിഞ്ഞദിവസങ്ങളിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് ബി.ജെ.പി നേതാവ് കൂടിയായ ഹിമന്ത വിശ്വശർമ നടത്തിയത്. ഗുവാഹത്തിയിലെ വെള്ളപ്പൊക്കത്തിന് സർവകലാശാലയാണ് കാരണക്കാരെന്ന് ആരോപിച്ച അദ്ദേഹം ‘പ്രളയ ജിഹാദ്’ ആണ് നടന്നതെന്നും ആരോപിച്ചിരുന്നു.
ഇവിടത്തെ ഗേറ്റ് മക്കയിലേതിന് സമാനമാണെന്നും സർവകാലാശാലക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഹിമന്ത വിശ്വശർമ പറഞ്ഞു. യൂനിവേഴ്സിറ്റിയുടെ മുമ്പിലെ മൂന്ന് താഴികക്കുടങ്ങളുള്ള ഗേറ്റ് ജിഹാദിന്റെ അടയാളമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർവകലാശാലയിലെ വനനശീകരണവും കുന്നുകൾ ഇടിച്ചുള്ള നിർമാണവുമാണ് ഗുവാഹത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് ഹിമന്ത വിശ്വശർമായുടെ ആരോപണം. പ്രളയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത്.
5000 പേർക്ക് ഇരിക്കാവുന്ന സർവകലാശാല കാമ്പസിലെ ഓഡിറ്റോറിയത്തിനെതിരെയും ഹിമന്ത ശർമ രംഗത്തുവന്നിരുന്നു. മേഖലയിലെ വലിയ പരിപാടികൾ ഇവിടെയാണ് നടക്കാറ്. ഗുവാഹത്തിയിൽ ഇതിനേക്കാൾ വലിയ ഓഡിറ്റോറിയം നിർമിക്കുമെന്നും അതോടെ സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് ആർക്കും പോകേണ്ടി വരില്ലെന്നും ശർമ പറഞ്ഞു. ഇവിടെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യരുതെന്നും അസം സ്വദേശികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ വർഷം 50 പ്രോഗ്രാമുകളിലായി 2,200-ലധികം വിദ്യാർഥികളാണ് സർവകലാശാലയിൽ അഡ്മിഷനെടുത്തത്. നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് പട്ടികയിൽ ഇടം നേടിയതോടെ ഈ വർഷം 3000ത്തിലധികം വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാണ് സർവകലാശാല ലക്ഷ്യം വെച്ചിരുന്നത്.
പ്രവേശനം ആരംഭിച്ചപ്പോൾ വേഗതയുണ്ടായിരുന്നതിനാൽ ലക്ഷ്യത്തിലെത്തുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച മുതൽ പ്രവേശന നിരക്ക് പെട്ടെന്ന് കുറഞ്ഞു. അഡ്മിഷനായി വളരെ കുറവ് വിദ്യാർഥികൾ എത്തുന്ന ദിവസങ്ങളുമുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ പ്രവേശന നിരക്ക് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹഖ് കൂട്ടിച്ചേർത്തു. മത്സര പരീക്ഷകളിൽ വിജയിച്ച് സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന വിദ്യാർഥികളുടെ ഫീസ് തിരികെ നൽകുന്ന ഒരു നയം തങ്ങൾക്കുണ്ട്. ഇത് എല്ലാ വർഷവും കൂടുതൽ കൂടുതൽ വിദ്യാർഥികളെ പരീക്ഷകൾ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. നെറ്റ്, ഗേറ്റ് തുടങ്ങിയ മത്സര പരീക്ഷകൾ വിജയിച്ചതിന് ഇതുവരെ നാനൂറോളം വിദ്യാർത്ഥികൾ ഇതിന് അർഹരായിട്ടുണ്ട്.
'തൻ്റെ തൊപ്പിയും താടിയുമാണ് ശർമ തന്നെ ലക്ഷ്യം വെക്കാൻ കാരണം. എന്നാൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ആളുകൾ സ്ഥാപനത്തെ 'മിനി ഇന്ത്യ' എന്നാണ് വിശേഷിപ്പിക്കുന്നത്. തങ്ങളുടെ അധ്യാപകരിൽ 95 ശതമാനവും വിദ്യാർഥികളിൽ 75 ശതമാനവും മറ്റു സമുദായങ്ങളിൽ നിന്നുള്ളവരാണ്. 30 ഗോത്രവിഭാഗത്തിൽ നിന്നുൾപ്പെടെ 39 വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഞങ്ങളുടെ സർവ്വകലാശാലയിൽ ചേർന്നിട്ടുണ്ട്.' -ഹഖ് പറഞ്ഞു.
1992-ൽ കൃത്രിമമായി ഒ.ബി.സി സർട്ടിഫിക്കറ്റ് നേടിയെന്നാരോപിച്ച് വ്യാഴാഴ്ച അസം സർക്കാർ ഹഖിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു. പരേതനായ തന്റെ സഹോദരനാണ് താൻ അറിയാതെ 30 വർഷം മുമ്പ് സർട്ടിഫിക്കറ്റ് നേടിയത്. ഇതിനെപ്പറ്റി അറിഞ്ഞപ്പോൾ തന്നെ അത് റദ്ദാക്കി. 1996ൽ കരിംഗഞ്ചിലെ ജില്ലാ കമ്മീഷണറുടെ ഓഫീസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് അസം സർക്കാരിനെ അറിയിച്ചിട്ടും തനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.