ഉന്നാവോ പീഡനക്കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിന് ജാമ്യം അനുവദിച്ചത്
ന്യൂഡൽഹി: ഉന്നാവോ പീഡനകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ഉത്തർപ്രദേശ് മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം നൽകിയത്. 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കുൽദീപ് സെൻഗർ.
തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ മുക്ത ഗുപ്ത, പൂനം എ. ബംബ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജനുവരി 27 മുതൽ ഫെബ്രുവരി 10 വരെയുള്ള 15 ദിവസത്തേക്ക് സെൻഗാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.
2023 ഫെബ്രുവരി 8 ന് നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഡിസംബർ 19 നാണ് സെൻഗാർ കോടതിയെ സമീപിച്ചത്. ചടങ്ങുകൾ ജനുവരി 18 ന് ആരംഭിക്കുന്നത്. എന്നാൽ വിവാഹചടങ്ങൾ ഇത്രയും ദിവസം നീണ്ടുപോയതിനെ കുറിച്ച് കോടതി ആരാഞ്ഞു. ഏതാനും ദിവസത്തിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കാമോ എന്നും കോടതി ചോദിച്ചു. എന്നാൽ വിവാഹചടങ്ങുകളിൽ പിതാവ്പങ്കെടുക്കണമെന്നും ചടങ്ങിന്റെ തീയതികൾ പുരോഹിതൻ നൽകിയിട്ടുണ്ടെന്നും സെൻഗാറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2019 ലാണ് കുൽദീപ് സെൻഗറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപയും ശിക്ഷ വിധിച്ചത്. പെൺകുട്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിരുന്നു. ബലാത്സംഗക്കേസ് പുറത്ത് വന്നതിന് പിന്നാലെ ആയുധങ്ങൾ കൈവശം വെച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.