ഹരിദ്വാർ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള ചോദ്യം പിടിച്ചില്ല; റിപ്പോർട്ടറുടെ മാസ്‌ക് പിടിച്ചുവലിച്ചു, ബിബിസി അഭിമുഖം അവസാനിപ്പിച്ച് യുപി ഉപമുഖ്യമന്ത്രി
ഹിന്ദു സന്ന്യാസിമാർക്ക് അവർ വിശ്വസിക്കുന്ന കാര്യം സംസാരിക്കാം. അതിന് രാഷ്ട്രീയബന്ധമൊന്നുമില്ല. മുസ്‍ലിം, ക്രിസ്ത്യൻ നേതാക്കളുമുണ്ട് രാജ്യത്ത്. അവരെക്കുറിച്ചും സംസാരിക്കൂ-ബിബിസി അഭിമുഖത്തിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
ഹരിദ്വാറിലെ മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രതിഷേധിച്ച് ബിബിസി അഭിമുഖം പാതിവഴിയിൽ നിർത്തി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കേശവ് പ്രസാദ് മൗര്യ. ചോദ്യത്തിൽ കുപിതനായ മൗര്യ റിപ്പോർട്ടറുടെ മാസ്‌ക് പിടിച്ചുവലിക്കുകയും നിർബന്ധിച്ച് വിഡിയോ ഭാഗങ്ങൾ നീക്കം ചെയ്യിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിബിസി ഹിന്ദി വിഭാഗം കേശവ് പ്രസാദ് മൗര്യയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ തുടരുന്നതിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാർ ഹിന്ദുസമ്മേളനത്തിലെ മുസ്‍ലിം വംശഹത്യാ ആഹ്വാനങ്ങളെക്കുറിച്ചും റിപ്പോർട്ടർ ചോദിച്ചത്. ഇതോടെ ക്ഷുഭിതനായ മൗര്യ മൈക്ക് ഊരിമാറ്റി അഭിമുഖം അവസാനിപ്പിച്ചു. വിഡിയോ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിബിസി സംഘത്തെ കൈയേറ്റത്തിനു ശ്രമിച്ചു. കൈയേറ്റത്തിനിടെ റിപ്പോർട്ടറുടെ മാസ്‌ക് പിടിച്ചൂരുകയും ചെയ്തു മൗര്യ.
ഏതു വിഡിയോയെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ആദ്യം പ്രതികരിച്ചത്. ''തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിക്കാൻ വന്നതാണോ? താങ്കൾ മാധ്യമപ്രവർത്തകനല്ല. ഒരു വിഭാഗത്തിന്റെ ഏജന്റിനെപ്പോലെയാണ് താങ്കൾ സംസാരിക്കുന്നത്. താങ്കളോട് ഞാൻ സംസാരിക്കില്ല''-മൗര്യ തുടർന്നു.
''ഹിന്ദു സന്ന്യാസിമാർക്ക് അവർ വിശ്വസിക്കുന്നത് പറയാം; മുസ്‌ലിം, ക്രിസ്ത്യൻ നേതാക്കളെക്കുറിച്ചും സംസാരിക്കൂ''
ഇത്തരം പ്രസംഗങ്ങൾക്കെതിരെ ബിജെപി നേതാക്കൾ സംസാരിക്കുമോ എന്ന ചോദ്യത്തിന് ഞങ്ങൾക്ക് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. 'സബ്കാ സാത്ത്, സബ്കാ വികാസി'ൽ(എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം) വിശ്വസിക്കുന്നവരാണ് ഞങ്ങളെന്നും മതനേതാക്കൾക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എപ്പോഴും ഹിന്ദു നേതാക്കളെ മാത്രം ഇങ്ങനെ നോട്ടപ്പുള്ളികളാക്കുന്നതെന്തിനാണെന്നും ചോദിച്ചു.
''എന്തുകൊണ്ടാണ് നിങ്ങൾ ഹിന്ദു നേതാക്കളെക്കുറിച്ച് ചോദിക്കുന്നത്? മറ്റു മതനേതാക്കളുടെ പ്രതികരണങ്ങളെക്കുറിച്ചൊന്നും പറയാനില്ലേ? ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുമുൻപ് എത്രപേർക്ക് ജമ്മു കശ്മീർ വിടേണ്ടിവന്നു.. എന്താണ് അതേക്കുറിച്ചൊന്നും നിങ്ങൾ സംസാരിക്കാത്തത്? ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് ഒരു വിഭാഗത്തിനു മാത്രമാകരുത്. ധർമസൻസദ് ബിജെപി പരിപാടിയായിരുന്നില്ല. അതു മതനേതാക്കളുടെ സംഗമമായിരുന്നു...''
ഹിന്ദു സന്ന്യാസിമാർക്ക് അവർ വിശ്വസിക്കുന്ന കാര്യം സംസാരിക്കാം. അതിന് രാഷ്ട്രീയബന്ധമൊന്നുമില്ല. മുസ്‍ലിം, ക്രിസ്ത്യൻ നേതാക്കളുമുണ്ട് രാജ്യത്ത്. അവരെക്കുറിച്ചും സംസാരിക്കൂ.. ഇത് ദേശദ്രോഹക്കുറ്റമൊന്നുമല്ല. ഇത് ധർമസൻസദാണ്. അങ്ങനെയാണെങ്കിൽ ആൾ ഇന്ത്യ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡിന് സൂര്യ നമസ്‌കാരത്തിനെതിരെ സംസാരിക്കാൻ അവകാശമില്ലെന്ന് പറയാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.