പ്ലാസ്മയ്ക്ക് പകരം മുസംബി ജ്യൂസ്: രോ​ഗി മരിച്ച യു.പിയിലെ ആശുപത്രിക്ക് നേരെയും ബുൾഡോസറെത്തും

മൂന്ന് ദിവസത്തിനകം മറുപടി അറിയിക്കണം എന്നാണ് നോട്ടീസിലെ നിർദേശം

Update: 2022-10-25 14:03 GMT
Advertising

ലഖ്നൗ: പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് ഡെങ്കിപ്പനി ബാധിതന്‍ മരിച്ച സംഭവത്തില്‍ യു.പിയിലെ ആശുപത്രി ബുൾഡോസർ കൊണ്ട് തകർക്കാൻ തീരുമാനം. ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററാണ് ജില്ലാ ഭരണകൂടം തകർക്കാൻ നീക്കമാരംഭിച്ചിരിക്കുന്നത്. ആശുപത്രിക്കയച്ച നോട്ടീസിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രോ​ഗി മരിച്ച സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ആശുപത്രി അടച്ചുപൂട്ടിയിരുന്നു. അനധികൃത നിർമാണം ചൂണ്ടിക്കാട്ടി പ്രയാഗ്‌രാജ്‌ ഡെവലപ്മെന്റ് അതോറിറ്റി ആശുപത്രി അധികൃതർക്ക് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം മറുപടി അറിയിക്കണം എന്നാണ് നോട്ടീസിലെ നിർദേശം

മറുപടി തൃപ്തികരമല്ലെങ്കിൽ നിയമവിരുദ്ധമായി പണിതുയർത്തിയ ആശുപത്രി കെട്ടിടം ബുൾഡോസർ കൊണ്ട് തകർക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരം ലഭിക്കാതെ എന്തിനാണ് ആശുപത്രി നിർമിച്ചതെന്ന് മാനേജ്‌മെന്റിനോട് അധികൃതർ‍ ചോദിച്ചു. നോട്ടീസ് അധികൃതർ ആശുപത്രിക്ക് പുറത്ത് പതിച്ചിട്ടുണ്ട്.

പ്ലാൻ പാസാകാതെയാണ് കെട്ടിടം നിർമിച്ചതെന്നും ആശുപത്രിയുടെ പ്രവർത്തനം അനധികൃതമായാണെന്നും നിശ്ചിത സമയത്തിനുള്ളിൽ തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ പൊളിക്കൽ നടപടി സ്വീകരിക്കുമെന്നും പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി ഉദ്യോ​ഗസ്ഥൻ അഭിനവ് രഞ്ജൻ വ്യക്തമാക്കി.

പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് ഡ്രിപ്പായി നല്‍കിയതിനെ തുടർന്ന് 32കാരനാണ് മരിച്ചത്. തുടർന്ന് ആശുപത്രിക്കെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞയാഴ്ച സ്ഥാപനം ജില്ലാ ഭരണകൂടം സീൽ വച്ചത്. രോ​ഗിയുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ജീവനക്കാർക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. രോഗിയുടെ നില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് പ്ലാസ്മ ബാഗില്‍ നിറച്ചിരിക്കുന്നത് മുസംബി ജ്യൂസാണെന്ന് വ്യക്തമായത്. മുസംബി ജ്യൂസ് കാഴ്ചയില്‍ പ്ലാസ്മ പോലെ ഇരുന്നതിനാല്‍ തിരിച്ചറിയാനായില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മുംസബി ജ്യൂസ് നിറച്ച ബ്ലഡ് പായ്ക്ക് ഉയർത്തിക്കാട്ടിയുള്ള ബന്ധുക്കളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, വ്യാജ പ്ലേറ്റ്‌ലെറ്റ് വിൽപ്പന നടത്തിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബ്ലഡ്ബാങ്കിൽ നിന്നും പ്ലാസ്മ വാങ്ങി വിൽപ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. പ്ലേറ്റ്‌ലെറ്റ് എന്ന പേരിൽ ഡെങ്കിപ്പനി രോഗികൾക്കാണ് സംഘം പ്ലാസ്മ വിൽപ്പന നടത്തിയിരുന്നത്. പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ് നൽകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വ്യാജ പ്ലാസ്മ വിതരണം ചെയ്തുവെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News