'അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നു'; കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്കയും
ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക അറിയിച്ചു
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്ക രംഗത്തെത്തി. ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക അറിയിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി.
ആരോപണങ്ങള്‍ നേരിടുന്ന ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ കെജ്‌രിവാളിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് ജര്‍മ്മനി അറിയിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. ജര്‍മ്മനിയുടെ അഭിപ്രായത്തോട് ഇന്ത്യ ഗവണ്‍മെന്റ് ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളുടെ നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തുന്നതും, സ്വാതന്ത്ര്യത്തെ ബാധിക്കുന്നതുമാണ്, പക്ഷപാതപരമായ അനുമാനങ്ങള്‍ അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.അതേ സമയം അമേരിക്കയോട് മോദി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് 21 ന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ ഇന്ത്യയില്‍ പലയിടത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്തു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വീട്ടില്‍ ഇ.ഡി എത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച വരെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ഇ.ഡിയെ ഉപയോഗിച്ച് എതിരാളികളെ ബി.ജെ.പി ലക്ഷ്യമിട്ട് ഉപദ്രവിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ ബി.ജെ.പി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.