ഇഡി സമൻസയച്ചു, തൊട്ടുപിന്നാലെ കോൺഗ്രസിൽനിന്ന് രാജിവച്ച് മോഡൽ
കോണ്‍ഗ്രസ് മുന്‍ സ്ഥാനാര്‍ത്ഥി കൂടിയായ ഇവര്‍ ബിജെപിയിലേക്ക് പോകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു
ഹരിദ്വാർ: ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും മോഡലുമായ അനുകൃതി ഗോസായി റാവത് കോൺഗ്രസില്‍നിന്ന് രാജിവച്ചു. തനിക്കും ഭർതൃപിതാവിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവർ പാര്‍ട്ടി വിട്ടത്. അനുകൃതി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ലെ നിയമസഭാ തെരഞ്ഞടുപ്പിൽ ലാൻസ്ഡൗണിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇവര്‍.
29കാരിയായ അനുകൃതി 2017ലെ ഫെമിന മിസ് ഇന്ത്യ ഗ്രാന്റ് ഇന്റർനാഷണൽ ജേത്രിയാണ്. 2014ലെ മിസ് ഇന്ത്യ ഏഷ്യ പസഫിക് വേൾഡ് മത്സരത്തിലും കിരീടം ചൂടിയിരുന്നു. 2017ൽ ഫെമിന മിസ് ഇന്ത്യ ഉത്തരാഖണ്ഡുമായി. വിയറ്റ്‌നാമിലെ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കോർബറ്റ് ടൈഗർ റിസർവിൽ നടന്ന മരംമുറിയുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വന്നതോടെയാണ് ഇവർ കോൺഗ്രസ് വിടാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ അനുകൃതി വിശദീകരിച്ചിട്ടുള്ളത്.
അതിനിടെ, സിറ്റിങ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരി പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് കോൺഗ്രസിന് തിരിച്ചടിയായി. ബദ്രിനാഥ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇദ്ദേഹം അംഗത്വം സ്വീകരിച്ചത്.