'പ്രചോദനം ദേശീയ പതാകയിൽ നിന്ന്'; വന്ദേഭാരതിന്റെ നിറം മാറ്റത്തിൽ പ്രതികരണവുമായി റെയിൽവെ മന്ത്രി
28ാമത്തെ വന്ദേഭാരത് ട്രെയിനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ നിറം പെയിന്റ് ചെയ്തിട്ടുള്ളത്
ചെന്നൈ: വന്ദേഭാരത് ട്രെയിനുകളുടെ നിറം മാറ്റുന്ന കാര്യത്തിൽ പ്രതികരണവുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വെള്ള-നീല കളർ കോഡ് മാറ്റി ഓറഞ്ച് - ഗ്രേ കളറാക്കുന്നത് ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് റെയിൽവെ മന്ത്രി ചെന്നൈയിൽ പറഞ്ഞു.
ഇന്ത്യൻ നിർമ്മിത സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസിന്റെ 28-ാമത്തെ ട്രെയിനായിരിക്കുംഓറഞ്ച് - ഗ്രേ കളറിൽ ഓടിത്തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ നിറം മാറ്റിയ കോച്ചുകൾ പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വന്ദേഭാരത് മെയ്ക്ക് ഇൻ ഇന്ത്യയുടെ ഒരു ആശയമാണ്.ട്രെയിൻ സൗകര്യത്തെക്കുറിച്ച് ഒരുപാട് പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. അതെല്ലാം പരിഗണിച്ച് സൗകര്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പ്രതികരണങ്ങൾ പരിശോധിച്ചാണ് ഡിസൈനുകളിൽ മാറ്റം വരുത്തുന്നത്'. അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ആന്റി ക്ലൈമ്പേഴ്സ്' എന്ന പുതിയ സുരക്ഷാ സംവിധാനം പരിശോധിച്ചിട്ടുണ്ട്. അത് ഇനി വന്ദേഭാരതിലും മറ്റ് ട്രെയിനിലും സ്റ്റാൻഡേഡ് ഫീച്ചറായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വെള്ള-നീല കളർ കോഡ് കാഴ്ചയിൽ നല്ലതാണെങ്കിലും പൊടിപിടിച്ച് വേഗത്തിൽ മുഷിയുന്നതിനാൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണെന്നാണ് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ടാണ് ഓറഞ്ച് - ഗ്രേ നിറത്തിലേക്ക് മാറുന്നതെന്നുമാണ് വിശദീകരണം.
ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച കേന്ദ്രമന്ത്രി ദക്ഷിണ റെയിൽവേയിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്തു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) 25 ട്രെയിനുകളാണ് നിർമിച്ചത്. ഇനി രണ്ടെണ്ണം കൂടി ഉടൻ പുറത്തിറങ്ങും. 28ാമത്തെ ട്രെയിനിലാണ് പരീക്ഷണാടിസ്ഥാനത്തിലാണ് നിറം മാറ്റമെന്നും ഐസിഎഫ് അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ രണ്ട് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു.