ഗ്യാൻവാപി പള്ളിയിലെ പൂജ: കോടതിവിധിയുടെ ഭവിഷ്യത്ത് വലുതായിരിക്കും-മുസ്‌ലിം നേതാക്കൾ

ഗ്യാൻവാപി വിഷയത്തിൽ വാർത്താസമ്മേളനം നടത്താൻ പ്രസ് ക്ലബ് അനുമതി നൽകിയില്ലെന്നും ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ് നേതാക്കൾ വെളിപ്പെടുത്തി

Update: 2024-02-02 12:55 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: വാരണാസി ജില്ലാ കോടതി വിധിയിൽ ആശങ്ക രേഖപ്പെടുത്തി ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്(എ.ഐ.എം.പി.എൽ.ബി). കോടതിവിധിയുടെ ഭവിഷ്യത്ത് വലുതായിരിക്കും. ലാത്തി കൊണ്ട് നിയമം നടപ്പാക്കിയാൽ ലാത്തി എന്നും ഒരു പക്ഷത്തായിരിക്കില്ല. ക്ഷമയ്ക്ക് അതിരുണ്ടെന്ന് ഓർക്കണം. അടിസ്ഥാനരഹിതമായ വാദങ്ങൾ കണക്കിലെടുത്താണ് വാരണാസി ജില്ലാ കോടതി വിധി. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. വിഷയത്തിൽ വാർത്താസമ്മേളനം നടത്താൻ പ്രസ് ക്ലബ് അനുമതി നൽകിയില്ലെന്നും നേതാക്കൾ വെളിപ്പെടുത്തി.

ഗ്യാൻവാപി പള്ളിയിൽ വാരണാസി കോടതി വിധിക്കു പിന്നാലെ പൂജ ആരംഭിച്ചതുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുസ്‌ലിം നേതാക്കൾ. ഗ്യാൻവ്യാപി മസ്ജിദ് വിഷയത്തിൽ പ്രസ് ക്ലബ് വാർത്താസമ്മേളനത്തിന് അനുമതി നൽകാത്തത് ആശങ്ക ഉണ്ടാകുന്നതാണെന്ന് കമാൽ ഫാറൂഖി പറഞ്ഞു. ക്ഷേത്രം തകർത്ത് മസ്ജിദ് പണിതുവെന്നത് തെറ്റാണെന്ന് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. ആരുടെയെങ്കിലും ഭൂമി കൈയേറി എങ്ങനെ മസ്ജിദ് പണിയും? ഇസ്‌ലാം ഇതിനൊക്കെ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഇംഗ്ലീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം സ്വീകരിച്ചു. ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാൻ ശ്രമിച്ചു. കോടതി ആരാധനയ്ക്ക് അനുമതി നൽകിയത് അതിന്റെ ഭവിഷ്യത്ത് മനസിലാക്കിയല്ല.

ബാബരി മസ്ജിദിന്റെ കീഴിൽ ക്ഷേത്രം ഉണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതികൾ പോകുന്ന വഴികൾ ജനങ്ങളുടെ വിശ്വാസ്യത നഷ്ടമാക്കുന്നു. 1991ലെ ആരാധനാലയ നിയമത്തിൽ പറയുന്നത് പാലിക്കുന്നില്ല. ഇക്കാര്യത്തിൽ നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരും. സുപ്രിംകോടതിയെ സമീപിക്കും.''

ബാബരി മസ്ജിദ്, മഥുര, ഡൽഹി ജമാമസ്ജിദ്, ഹൈദരാബാദ് ഉൾപ്പെടെ എല്ലായിടത്തും കേസാണെന്നും മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി ചൂണ്ടിക്കാട്ടി. 1991ലെ നിയമം എന്തുകൊണ്ട് പാലിക്കുന്നില്ല? സുപ്രിംകോടതി ഉത്തരവ് പാലിക്കും. ബാബരി മസ്ജിദ് രാമജന്മ ഭൂമിയിലല്ലെന്നു കോടതി വിധിയിൽ വ്യക്തമാണ്. സുപ്രിംകോടതി വിധിയെ ഒരു പാതയായി കണ്ട് മറ്റ് മസ്ജിദുകളിലും അവകാശവാദം ഉന്നയിക്കുകയാണ്. നീതി ലഭിക്കുമ്പോഴേ നിയമം പ്രസക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കു അനുമതി നൽകിയ കോടതി നടപടി തെറ്റായ സന്ദേശം നൽകുന്നുവെന്ന് മലിക് മുഅ്തസിം ഖാൻ ചൂണ്ടിക്കാട്ടി. കോടതി ഏഴു ദിവസം സമയം നൽകി. എന്നാൽ ജില്ലാ ഭരണകൂടം ഉടൻ നടപടി സ്വീകരിച്ചു. മുസ്‌ലിംകൾ നീതിക്കായി എവിടെപ്പോകണം? ജനങ്ങൾ പ്രതിസന്ധിയിലാണ്. ജുഡീഷ്യറിയും ഭരണസംവിധാനവും ഒത്തുചേർന്ന് നീതി നിഷേധിക്കുകയാണെന്നും രാജ്യത്തെ സാഹോദര്യം കാത്തുസംരക്ഷിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസംവിധാനത്തിനുനേർക്ക് നിരവധി ചോദ്യങ്ങൾ ഉയരുകയാണെന്ന് മഹ്മൂദ് മദനി പറഞ്ഞു. നിയമസംവിധാനം ഒരു പക്ഷത്തിനുവേണ്ടി നിലകൊള്ളുകയാണ്. ആരുടെയടുത്താണു പോകുക? പ്രസ്‌ക്ലബ് പോലും ഈ വിഷയത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞു. ഇതല്ലാതെ ഏത് വിഷയത്തിൽ സംസാരിക്കണം? ഈ വിഷയം മുന്നോട്ടുകൊണ്ടുപോവുക നമ്മുടെയും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ നിയമപോരാട്ടം തുടരുമെന്ന് നിയാസ് ഫാറൂഖി അറിയിച്ചു. മേൽക്കോടതിയെ സമീപിക്കും. സുപ്രിംകോടതി വരെ പോകും. ആരും നമ്മളെ കേൾക്കുന്നില്ലെങ്കിൽ എവിടെ പോകും? രാഷ്ട്രപതിയെ കാണാൻ സമയം തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെ കാണാനും ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Summary: ''Varanasi Court verdict will have far-reaching consequences in allowing puja at Gyanvapi mosque'': Says All India Muslim Personal Law Board leaders

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News