പ്രശസ്ത മാധ്യമപ്രവർത്തക ഹുംറ ഖുറൈശി അന്തരിച്ചു
ഹിന്ദുസ്ഥാൻ ടൈംസ്, ദ ട്രിബ്യൂൺ, ദി വീക്, തെഹൽക എന്നിവയിൽ പതിവായി കോളം എഴുതിയിരുന്നു. 'മാധ്യമ'ത്തിൽ പതിറ്റാണ്ടിലേറെയായി 'നേരക്കുറികൾ' പക്തി കൈകാര്യം ചെയ്തിരുന്നു.
ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമായ ഹുംറ ഖുറൈശി (70) നിര്യാതയായി. നിരവധി ദേശീയ മാധ്യമങ്ങളിൽ രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ പക്തികൾ കൈകാര്യം ചെയ്തിരുന്ന അവർ ഇംഗ്ലീഷ് ആനുകാലികങ്ങളിലെ ശ്രദ്ധേയയായ ഗ്രന്ഥനിരൂപകയായിരുന്നു.
പ്രമുഖ മാധ്യമപ്രവർത്തകൻ ഖുശ്‌വന്ത് സിങ്ങുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഹുംറ ഖുറൈശി അദ്ദേഹവുമായി ചേർന്ന് 'അൾട്ടിമേറ്റ് ഖുശ്‌വന്ത്' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. കശ്മീരുമായി ബന്ധപ്പെട്ട് മൂന്ന് കൃതികൾ രചിച്ച ഹുംറ ഗ്രന്ഥരചനയിൽനിന്നുള്ള വരുമാനം താഴ്‌വരയിലെ അനാഥർക്കായി നീക്കിവെച്ചു.
ഹിന്ദുസ്ഥാൻ ടൈംസ്, ദ ട്രിബ്യൂൺ, ദി വീക്, തെഹൽക എന്നിവയിൽ പതിവായി കോളം എഴുതിയിരുന്നു. 'മാധ്യമ'ത്തിൽ പതിറ്റാണ്ടിലേറെയായി 'നേരക്കുറികൾ' പക്തി കൈകാര്യം ചെയ്തിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു എസ്.വൈ ഖുറൈശിയായിരുന്നു ഭർത്താവ്. പിന്നീട് വിവാഹമോചനം നേടി. പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് മുസ്തഫ ഖുറൈശി, സാറ എന്നിവരാണ് മക്കൾ.