ജ്വല്ലറിയിൽ നിന്ന് 'നൈസായി' ഡയമണ്ട് നെക്ലേസ് മോഷ്ടിച്ചു; കള്ളനെ കണ്ട് ഞെട്ടി സോഷ്യൽമീഡിയ
സിസിടിവി ദൃശ്യങ്ങൾ ഇല്ലെങ്കില്‍ എത്രയോ നിരപരാധികൾ പൊലീസുകാരുടെ ഇടിയും തൊഴിയും ഏൽക്കേണ്ടിവരുമായിരുന്നെന്ന് കമന്‍റ്
സ്വർണാഭരണങ്ങൾ കടയിൽ നിന്ന് മോഷ്ടിക്കുന്നതും അതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരുന്നതും ആദ്യത്തെ സംഭവമല്ല. ജ്വല്ലറി മോഷണം എന്ന് കേൾക്കുമ്പോൾ തന്നെ ഒരാൾ വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കുന്ന രംഗമായിരിക്കും മനസിൽ ആദ്യം ഓടിയെത്തുന്നത്. എന്നാൽ മോഷ്ടിച്ചത് ഒരു എലിയാണെങ്കിലോ... വിശ്വസിക്കാൻ പറ്റുന്നില്ലേ... എങ്കിൽ ഐപിഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഹിംഗങ്കർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ കണ്ടാൽ ആരും ഒന്ന് അമ്പരന്ന് പോകും.
ജ്വല്ലറിയിൽ ഡിസ്‌പ്ലേ വെച്ചിരിക്കുന്ന ഡയമണ്ട് നെക്ലേസ് മോഷ്ടിക്കുന്ന എലിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ, ഒരു ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാല ഒരു എലി മോഷ്ടിക്കുന്നതായി കാണാം.
ജ്വല്ലറിയുടെ ചുമരിന്റെ വിടവിൽ നിന്ന് എലി എത്തുന്നതും കുറച്ച് നേരം അവിടെ നോക്കുന്നതും ഉടനടി നെക്ലേസ് സ്റ്റാൻഡിലേക്ക് ചാടി മാല കടിച്ചെടുത്ത് പോകുന്നതും വീഡിയോയിൽ കാണാം.. സംഭവം എവിടെ നടന്നതാണോ മറ്റ് വിവരങ്ങളോ വീഡിയോയിലില്ല. എന്നിരുന്നാലും നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി.
ഏകദേശം 30,000 ലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. നിരവധി പേർ വീഡിയോക്ക് താഴെ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.
എന്നാലും 'ഈ എലി ആർക്ക് വേണ്ടിയായിരിക്കും ഡയമണ്ട് നെക്ലേസ് എടുത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഫെബ്രുവരി 14 വാലെൈന്റൻസ് ഡേ അടുത്തുവരികയല്ലേ..അതിന് വേണ്ടി എടുത്തതായിരിക്കും എന്നാണ് മറ്റൊരു കമന്റ്. അതേസമയം, സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത് നന്നായെന്നും അല്ലെങ്കിൽ എത്രയോ നിരപരാധികൾ പൊലീസുകാരുടെ ഇടിയും തൊഴിയും ഏൽക്കേണ്ടിവരുമായിരുന്നെന്നും മറ്റൊരാൾ കമന്റ് ചെയ്തു.