ജൂനിയര്‍ ഉദ്യോഗസ്ഥരെ ലോക്കപ്പിലടച്ച് പൊലീസ് ഓഫീസര്‍; പ്രതിഷേധം
സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു
ബിഹാറിലെ നവാഡയിൽ അഞ്ച് ജൂനിയർ ഉദ്യോഗസ്ഥരെ പൊലീസ് ഓഫീസർ ലോക്കപ്പിലിട്ടെന്ന് പരാതി. എസ്.പി ഗൗരവ് മംഗലക്കെതിരെയാണ് ആരോപണം ഉയർന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സെപ്തംബർ എട്ടിനാണ് സംഭവം നടന്നത്. അന്വേഷണം വേണമെന്ന് ബിഹാർ പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്ന് എസ്.പി പ്രതികരിച്ചു.
എസ്.ഐമാരായ ശത്രുഘ്നൻ പാസ്വാൻ, രാംരേഖ സിങ്, എ.എസ്.ഐമാരായ സന്തോഷ് പാസ്വാൻ, സഞ്ജയ് സിങ്, രാമേശ്വർ ഉറോൺ എന്നിവരെയാണ് നാഗർ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിലാക്കിയത്. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് അർധരാത്രിയോടെ എല്ലാവരെയും തുറന്നുവിട്ടു.
സെപ്തംബര്‍ 8ന് രാത്രി 9 മണിയോടെ സ്റ്റേഷനിലെത്തിയ എസ്.പി ചില കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കുകയായിരുന്നു. ചില പൊലീസുകാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് എസ്.പി ലോക്കപ്പില്‍ കയറ്റിയെന്നാണ് ആരോപണം. എന്നാല്‍ പൊലീസുകാരുടെ ഭാഗത്ത് എന്തുവീഴ്ചയാണുണ്ടായതെന്ന് വ്യക്തമല്ല.
വ്യാജവാര്‍ത്തയാണെന്ന് എസ്.പി പറഞ്ഞതിനു പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എസ്.പിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ബിഹാർ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് മൃത്യുഞജയ് കുമാര്‍ സിങ് പറഞ്ഞു. എസ്.പി സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജൂനിയർ ഓഫീസർമാരുടെ മനോവീര്യം കെടുത്തുന്നതിനെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കീഴുദ്യോഗസ്ഥരോടുള്ള ഇടപെടലില്‍ ശ്രദ്ധിക്കണമെന്ന് എല്ലാ മുതിർന്ന ഉദ്യോഗസ്ഥർക്കും ബിഹാർ ചീഫ് സെക്രട്ടറി നിർദേശം നൽകി.