വഖഫ് ബിൽ ഭരണഘടനക്ക് എതിരായ അതിക്രമം; സാമൂഹിക സൗഹാർദം തകർക്കാനുള്ള ബിജെപി തന്ത്രമെന്ന് കോൺഗ്രസ്
സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.


ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ഭരണഘടനക്ക് മേലുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു കടന്നാക്രമണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യാജപ്രചാരണം നടത്തി മുൻവിധികൾ സൃഷ്ടിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ബിജെപി പൈശാചികമായി ചിത്രീകരിക്കുകയാണ്. സാമൂഹിക സൗഹാർദത്തെ തകർക്കാനുള്ള ബിജെപി തന്ത്രമാണ് വഖഫ് ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി സമൂഹത്തിൽ സ്ഥിരമായി ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യത്തെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇതുവഴി മതത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പൗരൻമാർക്കും തുല്യ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥകൾ ദുർബലപ്പെടുത്തുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
പുതിയ വഖഫ് ബിൽ മുൻകാലങ്ങളിൽ നിയമത്തിലൂടെ വഖഫ് സ്വത്തിന്റെ പരിപാലനത്തിനായി സ്ഥാപിതമായ വിവിധ സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും സമുദായത്തിന് സ്വന്തം മതപരമായ പാരമ്പര്യങ്ങളും കാര്യങ്ങളും നിയന്ത്രിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
ഉപയോഗത്തിലൂടെ വഖഫ് എന്ന ആശയം രാജ്യത്തിന്റെ നിയമ സംവിധാനങ്ങൾ രൂപവത്കരിച്ചതാണ്. ഇത് പൂർണമായും നിരാകരിക്കപ്പെട്ടു. വിശദമായ ചർച്ചയോ വസ്തുതാപരമായ പരിശോധനകളോ നടത്താതെ 428 പേജുള്ള ജെപിസി റിപ്പോർട്ട് അവതരിപ്പിച്ചതിലൂടെ പാർലമെന്ററി നടപടികൾ ലംഘിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.