'രാഹുൽ ഗാന്ധിയുടേതല്ല, കെട്ടിയത് സ്വന്തം ഷൂ'; ബി.ജെ.പി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ്
മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഗാന്ധി ഷൂലേസ് കെട്ടിച്ചു എന്ന രീതിയിലാണ് അമിത് മാളവ്യ വീഡിയോ ഷെയർ ചെയ്തത്
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്സ് കെട്ടിക്കൊടുത്തെന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര സിങ് അൽവാർ. ജിതേന്ദ്ര സിങ് രാഹുലിന്റെ ഷൂ കെട്ടിക്കൊടുക്കുന്നെന്ന തലക്കെട്ടിൽ അമിത് മാളവ്യ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് വിശദീകരണവുമായാണ് ജിതേന്ദ്ര സിങ് രംഗത്തെത്തിയത്.
20 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ രാഹുൽ ഗാന്ധി ജിതേന്ദ്ര സിങ് അൽവാറിനെ ദേഹത്ത് തട്ടി നിലത്തേക്ക് ചൂണ്ടിക്കാണിക്കുന്നത് കാണാം.തുടർന്ന് ജിതേന്ദ്ര സിങ് താഴേക്ക് കുനിഞ്ഞ് ഷൂ ലേസ് കെട്ടുന്നതും വീഡിയോയിലുണ്ട്. മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഗാന്ധി ഷൂലേസ് കെട്ടിച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു അമിത് മാളവ്യ വീഡിയോ ഷെയർ ചെയ്തത്.
'മുൻ കേന്ദ്രമന്ത്രി ഭൻവർ ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുടെ ഷൂ ലെയ്‌സ് കെട്ടാൻ മുട്ടുകുത്തി നിൽക്കുന്നു. സ്വയം ചെയ്യുന്നത് പകരം അയാളുടെ പുറത്ത് തട്ടിയാണ് അത് ചെയ്യിപ്പിക്കുന്നതെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ രാഹുൽ ഗാന്ധി തന്റെ ഷൂ ലേസ് അഴിഞ്ഞുകിടക്കുന്നതാണ് ചൂണ്ടിക്കാണിച്ചതെന്നും അത് കെട്ടാനായി താൻ കുനിയുമ്പോൾ അദ്ദേഹം കുറച്ചു നേരം നിൽക്കുകയായിരുന്നെന്നും ജിതേന്ദ്ര അൽവാർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഒന്നുകിൽ ട്വീറ്റ് ഡിലീറ്റ് ചെയ്ത് രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടണമെന്നും ജിതേന്ദ്ര അൽവാർ മുന്നറിയിപ്പ് നൽകി. ബിജെപി ഐടി സെൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസും വിമർശിച്ചു. ഈ ചെറിയ കാര്യം തെറ്റായി ചിത്രീകരിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി നേതാവ് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.