അഹിന്ദുക്കളെ വിലക്കണമെന്ന് ഹർജി; രാജ്യമാണോ മതമാണോ വലുതെന്ന് മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങളില്‍ സനാതനധർമം അനുശാസിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്‌കർഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി

Update: 2022-02-11 06:13 GMT
Editor : abs | By : Web Desk
Advertising

ചെന്നൈ: 'എന്താണ് പ്രധാനം. രാജ്യമോ മതമോ? ചിലർ ഹിജാബിന് പിന്നാലെ പോകുന്നു, ചിലർ ധോത്തിക്ക് പിന്നാലെ പോകുന്നു. ഞെട്ടിക്കുന്നതാണിത്. ഇത് ഒരു രാജ്യമാണോ അതോ മതങ്ങളാൽ വിഭജിക്കപ്പെട്ട രാഷ്ട്രമാണോ?' - ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ച വാക്കുകളാണിത്.

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്നും ദർശനത്തിനെത്തുന്നവർ സനാതനധർമം അനുശാസിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്‌കർഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി അധ്യക്ഷനും ജസ്റ്റിസ് ഡി ഭാരത ചക്രവർത്തി അംഗവുമായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ദർശനത്തിനായി ആചാരാനുഷ്ഠാനങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ശ്രീരംഗം സ്വദേശി രംഗരാജൻ നരസിംഹമാണ് കോടതിയെ സമീപിച്ചത്. ക്ഷേത്രപരിസരത്ത് വ്യാപാരം വിലക്കണമെന്നും ക്ഷേത്രത്തിൽ സർക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ചടങ്ങുകൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജികളും രംഗരാജൻ സമർപ്പിച്ചിരുന്നു.

ദർശനത്തിനെത്തുന്ന വിശ്വാസികൾ ആഗമശാസ്ത്രത്തിൽ നിഷ്‌കർഷിച്ച രീതിയിൽ വസ്ത്രം ധരിക്കണം. കുളിച്ച് ധോത്തി, കുർത്ത, പൈജാമ, സൽവാർ കമീസ് തുടങ്ങിയവ ധരിച്ചു മാത്രമേ ദർശനത്തിനെത്താവൂ. കുട്ടികൾ ദേഹം മുഴുവൻ മറയ്ക്കുന്ന വസ്ത്രവും ധരിക്കണം. ശാസ്ത്രം പാലിച്ചില്ലെങ്കിൽ ക്ഷേത്രങ്ങളുടെ പരിശുദ്ധി നഷ്ടമാകും- ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

എന്നാൽ ഓരോ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തമാണ് എന്നാണ് തമിഴ്നാട് സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം അറിയിച്ചത്. കേരളത്തിലെ ചിലക്ഷേത്രങ്ങളിൽ പ്രത്യേക വസ്ത്രധാരണം നിഷ്‌കർഷിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഇത്തരമൊരു ചട്ടം കൊണ്ടുവന്നുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഏകാംഗബെഞ്ച് 2015-ൽ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ കൊടിമരം വരെ മാത്രമേ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറുള്ളൂവെന്നും ശ്രീകോവിലിനടുത്തേക്ക് കയറ്റാറില്ലെന്നും അഡ്വക്കേറ്റ് ജനറൽ കൂട്ടിച്ചേര്‍ത്തു. കേസ് പത്തു ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News