'വികസിത് ഭാരത് സമ്പര്‍ക്ക്' വാട്‌സ് ആപ്പ് സന്ദേശം ബിജെപി അജണ്ട; സര്‍ക്കാര്‍ ഡാറ്റാബേസിന്റെ ദുരുപയോഗമെന്ന് കോണ്‍ഗ്രസ്

വികസിത് ഭാരത് സമ്പര്‍ക്ക് എന്ന വെരിഫൈഡ് ബിസിനസ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വാട്‌സ് ആപ്പില്‍ എത്തുന്നത്. ഓട്ടോമാറ്റിക് സന്ദേശം നല്‍കുന്നതിനും സംവിധാനമുണ്ട്.

Update: 2024-03-17 07:57 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സ് ആപ്പ് സന്ദേശം 'വികസിത് ഭാരത് സമ്പര്‍ക്കി'നെതിരെ പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് സഹിതം പൗരന്മാരില്‍ നിന്ന് പ്രതികരണവും നിര്‍ദേശങ്ങളും തേടുന്ന 'വികസിത് ഭാരത് സമ്പര്‍ക്കില്‍' നിന്നുള്ള സന്ദേശം സര്‍ക്കാര്‍ ഡാറ്റാബേസും മെസേജിംഗ് ആപ്പും രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ ആരോപണം.

വികസിത് ഭാരത് സമ്പര്‍ക്ക് എന്ന വെരിഫൈഡ് ബിസിനസ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വാട്‌സ് ആപ്പില്‍ എത്തുന്നത്. ഓട്ടോമാറ്റിക് സന്ദേശം നല്‍കുന്നതിനും സംവിധാനമുണ്ട്. കേരളത്തില്‍ നിന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് മെറ്റയെ ടാഗ് ചെയ്ത് സന്ദേശം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

പൊതുജനത്തില്‍ നിന്നുള്ള പ്രതികരണവും നിര്‍ദേശങ്ങളുമാണ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. അതിനൊപ്പം പങ്കുവച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് രാഷ്ട്രീയ അജണ്ടയാണെന്നും സര്‍ക്കാര്‍ ഡാറ്റാബേസിന്റെ ദുരുപയോഗമാണെന്നും കേരള കോണ്‍ഗ്രസ് കുറിപ്പില്‍ ആരോപിച്ചു. മിക്ക ആളുകള്‍ക്കും വാട്‌സ് ആപ്പിലേക്ക് ഈ സന്ദേശം വന്നതായാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും വിഷയത്തില്‍ ബിജെപിക്കെതിരെ രംഗത്ത് വന്നു.

രാജ്യ ക്ഷേമത്തിന് നിരവധി ധീരമായ തീരുമാനങ്ങൾ എടുക്കാൻ കാരണം 140 കോടി ജനങ്ങളുടെ പിന്തുണയും വിശ്വാസവുമാണെന്നും അത് തനിക്ക് പ്രചോദനമാണെന്നും മോദി കത്തിൽ പറയുന്നുണ്ട്. ജി.എസ്.ടി, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മുത്തലാഖ് നിരോധനം, നാരി ശക്തി വന്ദന്‍, പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകൾ, എല്ലാവർക്കും വൈദ്യുതി, വെള്ളം, എൽ.പി.ജി, ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സ, കർഷകർക്ക് ധനസഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകൾക്ക് സഹായം തുടങ്ങിയ പദ്ധതികളും നടപടികളും കത്തിൽ പരാമർശിക്കുന്നുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്നും മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ മുന്നേറ്റം തുടരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിലുണ്ട്. പിഡിഎഫ് മാതൃകയിലാണ് കത്ത്.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിനായി രാജ്യത്തുടനീളമുള്ള ജനങ്ങളുടെ നിര്‍ദേശങ്ങള്‍ തേടി ഫെബ്രുവരിയിലാണ് ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ 'വികസിത് ഭാരത് മോദി കി ഗാരന്റി' വീഡിയോ വാനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതിന്റെ ഭാഗമാണ് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍. 

 


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News