വിപി സിങ്ങിന്റെ അനന്തരവൻ, പഴയ ഹനുമാൻ ഭക്തൻ; ആരാണ് ഉമർ ഗൗതം?

ഉത്തർപ്രദേശ് പൊലീസ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ് ഉമർ ഗൗതമിനെ. എന്നാൽ, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഗൗതമിന്റെ ജീവിതചിത്രം അറിയാം

Update: 2021-06-28 13:37 GMT
Editor : Shaheer | By : Web Desk
Advertising

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഒരു പേരാണ് ഉമർ ഗൗതം. ഉത്തർപ്രദേശ് പൊലീസ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇദ്ദേഹത്തെ. എന്നാൽ, പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ സാമ്പത്തിക സഹായത്തോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 'മതംമാറ്റ റാക്കറ്റി'ന്റെ ആസൂത്രകൻ ഗൗതമാണെന്നാണ് ഇപ്പോൾ ദേശീയമാധ്യമങ്ങളും യുപി പൊലീസും ആരോപിക്കുന്നത്.

എന്നാൽ ആരാണ് യഥാർത്ഥത്തിൽ ഉമർ ഗൗതം? എന്താണ് ആരോപിക്കപ്പെടുന്ന 'മതംമാറ്റ റാക്കറ്റി'നുപിന്നിലെ യാഥാർത്ഥ്യം? പരിശോധിക്കാം.

ശ്യാം പ്രതാപിൽനിന്ന് ഉമർ ഗൗതമിലേക്ക്

1964ൽ ഉത്തർപ്രദേശിലെ ഫത്തേപൂരിലെ രജ്പുത് കുടുംബത്തിലാണ് ഇപ്പോൾ ഉമർ ഗൗതം എന്നറിയപ്പെടുന്ന ശ്യാം പ്രതാപ് ജനിക്കുന്നത്. രജ്പുത് വംശമഹിമയ്ക്കപ്പുറം ശ്യാം പ്രതാപിന്റെ കുടുംബവും നിസ്സാരക്കാരല്ല. ശ്യാമിന്റെ അമ്മാവനാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി വിപി സിങ്.

15-ാം വയസിൽ തന്നെ ഹിന്ദു ദൈവസങ്കൽപങ്ങളിൽ കൗതുകവും ജിജ്ഞാസയും ഉണർന്ന ശ്യാം അതേക്കുറിച്ചുള്ള പഠനങ്ങളിലും മനനങ്ങളിലുമായിരുന്നു ഏറെക്കാലം. തന്റെ സംശയങ്ങളും ആലോചനകളും ആശങ്കകളുമെല്ലാം വിവിധ ഹൈന്ദവ പണ്ഡിതന്മാരെ കണ്ട് ബോധിപ്പിച്ചു. എന്നാൽ, ആർക്കും അദ്ദേഹത്തിന്റെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായില്ല. എന്നാലും വിശ്വാസത്തിന്റെ കാര്യത്തിൽ ശ്യാമിന് വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല.

എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ക്ഷേത്രദർശനം നടത്തുന്ന ഹനുമാൻ ഭക്തനായിരുന്നു ഭർത്താവെന്ന് ഭാര്യ റസിയ പറയുന്നു. താനും കടുത്ത വിശ്വാസിയായിരുന്നു. നാട്ടുകാർ പൂജിത എന്നായിരുന്നു തന്നെ വിളിച്ചിരുന്നത്. ഉത്തർപ്രദേശിലെ ഹിന്ദു ആചാരപ്രകാരം മഗിസ്‌നാനവും ചെയ്യാറുണ്ടായിരുന്നു. എല്ലാ വർഷവും നടക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ആചാരമാണ് മഗ്നി സ്‌നാനം. ഗംഗാനദിയിൽ സ്‌നാനം ചെയ്യുന്നതടക്കമുള്ള ആരാധനാകർമങ്ങളാണ് ഈ ആചാരത്തിന്റെ ഭാഗമായുള്ളത്. കൗമാരത്തിൽ തന്നെ തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നുവെന്നും റസിയ പറയുന്നു.

1984ൽ ഉത്തരാഖണ്ഡിലെ ഗോവിന്ദ് വല്ലഭ് പന്ത് സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ശ്യാമിന്റെ ജീവിതം മാറ്റിമറിക്കുന്ന സംഭവമുണ്ടായത്. ബിഎസ്‌സി വിദ്യാർത്ഥിയായിരുന്ന ശ്യാം എല്ലാ ആഴ്ചയും സമീപത്തെ ക്ഷേത്രത്തിൽ ദർശനം നടത്തും. ഹോസ്റ്റലിൽ സഹമുറിയനായിരുന്ന നാസിർ ഖാൻ അടുത്ത സുഹൃത്തുമായിരുന്നു. എല്ലാ ആഴ്ചയും ശ്യാമിനെ സ്വന്തം സൈക്കിളിൽ ക്ഷേത്രത്തിൽ കൊണ്ടുവിടാറ് നാസിർ തന്നെയായിരുന്നു.

ഒരു ദിവസം ശ്യാം തന്റെ മനസിലുണ്ടായിരുന്ന ഒരു സംശയം പുറത്തെടുത്തു. എന്തിനാണ് മറ്റൊരു മതത്തിന്റെ അനുയായിയായിട്ടും തന്നെ ക്ഷേത്രത്തിൽ കൊണ്ടുവിടാൻ ഇത്രയും ശുഷ്‌കാന്തി കാണിക്കുന്നതെന്ന് ചോദിച്ചു ശ്യാം. ഇതിന് നാസിർ നൽകിയ മറുപടി ശ്യാമിന്റെ മനസിളക്കി. അതു ജീവിതത്തിലെ തന്നെ വഴിത്തിരിവാകുകയും ചെയ്തു.


'ദൈവത്തെ പ്രീതിപ്പെടുത്താൻ' എന്നായിരുന്നു നാസിർ ഖാന്റെ മറുപടി. ഓരോ വ്യക്തിയും അവരുടെ ബാധ്യതകൾ കൃത്യമായി പാലിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തു. തന്റെ ചുറ്റുമുള്ളവരുടെ കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധയും പരിചരണവും നൽകുന്നത് ആ ബാധ്യതയിൽ ഉൾപ്പെടുമെന്നായിരുന്നു നാസിർ പറഞ്ഞത്.

ചെറുപ്പത്തിൽ മനസിൽ ഉടലെടുത്തിരുന്ന ദൈവസങ്കൽപങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ മനസിൽ വീണ്ടും തലപൊക്കുന്നത് അങ്ങനെയാണ്. അങ്ങനെ എല്ലാ വേദഗ്രന്ഥങ്ങളും വായിക്കാൻ തുടങ്ങി. ബൈബിളും ഗീതയും ഖുർആനുമെല്ലാം വിശദമായി വായിച്ചു. ഓരോ മതങ്ങളിലെയും ദൈവസങ്കൽപത്തെക്കുറിച്ച് പഠിച്ചു. ഒടുവിൽ ഇസ്ലാമിലേക്ക് മതംമാറി മുഹമ്മദ് ഉമർ ഗൗതം എന്നു പേര് സ്വീകരിക്കുകയും ചെയ്തു. ഫത്തെപൂരിലെ രജ്പുത്തുകൾക്കിടയിൽ ഇസ്ലാമിലേക്കുള്ള വ്യാപകമായ മതംമാറ്റ സംഭവങ്ങൾ ആ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ആ ഒഴുക്കിനൊത്തായിരുന്നില്ല, സ്വന്തമായ പഠനങ്ങളുടെയും ആലോചനകളുടെയും അടിസ്ഥാനത്തിലായിരുന്നു ശ്യാമിന്റെ മതംമാറ്റം.

ഇതിനെതിരെ കുടുംബത്തിൽനിന്നും നാട്ടിൽനിന്നും വ്യാപക എതിർപ്പ് ഉയർന്നു. സംഘ്പരിവാറിൽനിന്നും ഭീഷണി നേരിട്ടു. ഗൗതമിനെ തട്ടിക്കൊണ്ടുപോയി കാട്ടിൽകൊണ്ടുപോയി ആക്രമിക്കുകയു ചെയ്തു ഒരു സംഘം.

അജ്മൽ ആൻഡ് സൺസും ഐഡിസിയും

90കളിലാണ് ഉമറും ഗൗതമും ഫത്തേപൂരിൽനിന്ന് ഡൽഹിയിലേക്ക് താമസം മാറുന്നത്. ആൾ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) തലവനും അജ്മൽ പെർഫ്യുംസ് ഉടമയുമായ ബദ്‌റുദ്ദീൻ അജ്മലിനു കീഴിലുള്ള അജ്മൽ ആൻഡ് സൺസ് കമ്പനിയിൽ ജീവനക്കാരനായാണ് ഡൽഹിയിലെത്തുന്നത്. തുടർന്ന് അവിടെ കുടുംബസമേതം താമസമാക്കുകയായിരുന്നു. അസമിലായിരുന്നു അജ്മൽ ആൻഡ് സൺസിന്റെ ആസ്ഥാനമെങ്കിലും ഡൽഹിയിലടക്കം വിവിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കമ്പനിയുടെ കീഴിൽ പ്രവർത്തിച്ചിരുന്നു. ഡൽഹിയിലെ സ്‌കൂളുകളുടെ മേൽനോട്ട ചുമതലയായിരുന്നു ഉമർ ഗൗതമിനുണ്ടായിരുന്നത്. 1995 മുതൽ 2007 വരെ ഗൗതം ഈ സ്ഥാനത്ത് തുടർന്നു.

2008ൽ ഇസ്ലാമിക് ദഅ്‌വ സെന്റർ(ഐഡിസി) എന്ന പേരിൽ ഡൽഹിയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിനും തുടക്കമിട്ടു ഗൗതം. നിർധനർക്ക് ഭക്ഷണവും വസ്ത്രവും നൽകുന്നതടക്കമുള്ള സാമൂഹിക പ്രവർത്തനങ്ങളായിരുന്നു തുടക്കത്തിൽ ട്രസ്റ്റ് വഴി ചെയ്തുവന്നിരുന്നത്. ഇത്തവണ ലോക്ക്ഡൗൺ കാലത്ത് ഐഡിസിക്കു കീഴിൽ ഡൽഹിയിൽ ഭക്ഷണങ്ങളു പുതപ്പുകളും വിതരണം ചെയ്തിരുന്നു.

ഐഡിസിക്കുകീഴിൽ നിർബന്ധിത മതപരിവർത്തനം നടന്നുവരുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ഇതിനായി ഐസ്‌ഐ ധനസഹായം നൽകുന്നുവെന്നും പ്രചാരണമുണ്ട്. എന്നാൽ, ഇസ്ലാമിലേക്ക് മതംമാറാൻ ആഗ്രഹം പ്രകടിപ്പിച്ച് ആരെങ്കിലും സമീപിച്ചാൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അവരെ സഹായിക്കുക മാത്രമാണ് ഭർത്താവ് ചെയ്യാറുള്ളതെന്നാണ് റസിയ പറയുന്നത്. മതംമാറ്റം ഔദ്യോഗികമാക്കുന്നതിന് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിന്റെ ഒപ്പോടുകൂടിയ സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്. ഇതു പൂർത്തിയായാൽ ഐഡിസി മതംമാറ്റ സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്യാറുള്ളത്. സുഹൃത്തുക്കളും ബന്ധുക്കളും ഗുണകാംക്ഷികളും സാമ്പത്തിക സഹായം നൽകാറുണ്ടെന്നല്ലാതെ പാക് സഹായ ആരോപണങ്ങൾ തെറ്റാണെന്നും റസിയ പറയുന്നു. സകാത്ത് വഴിയും മറ്റുമുള്ള സഹായങ്ങളും വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹായങ്ങളും ലഭിക്കാറുണ്ടെന്നും അവർ പറഞ്ഞു.


ഗൗതമിനും റസിയയ്ക്കും രണ്ട് ആൺകുട്ടികളും ഒരു മകളുമാണുള്ളത്. വലിയ മകൻ ഒരു ഐടി കമ്പനിയിൽ എൻജിനീയറാണ്. ഇളയയാൾ എംബിഎക്ക് തയാറെടുക്കുന്നു. മകൾ ഡൽഹിയിൽ ഒരു ഡീംഡ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറുമാണ്. പിതാവ് ഒരു തരത്തിലും നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് മക്കൾ വ്യക്തമാക്കുന്നു. ഐഡിസിയിൽനിന്ന് മതംമാറ്റ സർട്ടിഫിക്കറ്റ് ലഭിച്ച ആരോടും ചോദിച്ചുനോക്കിയാൽ ഇക്കാര്യം വ്യക്തമാകുമെന്നും അവർ ഉറപ്പിച്ചുപറയുന്നു.

ഗൗതമിന്റെ അറസ്റ്റ് കൃത്യമായ ഭരണകൂടവേട്ടയാണെന്നാണ് അയൽക്കാരും നാട്ടുകാരും പറയുന്നത്. രാജ്യം കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ അതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതുവഴി ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഇവർ ആരോപിക്കുന്നു. മോശമായി ഒന്നും അദ്ദേഹത്തെക്കുറിച്ച് പറയാനില്ലെന്നും അയൽക്കാർ പറയുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News