'കാട്ടുതീ പടരുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ചതെന്തിന്?' ഉത്തരാഖണ്ഡിനോട് സുപ്രിംകോടതി
നവംബർ മുതൽ ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീയിൽ ഏകദേശം 1437 ഹെക്ടറോളം വനം കത്തി നശിച്ചതായാണ് വനംവകുപ്പിന്റെ റിപ്പോർട്ട്
ന്യൂഡൽഹി: സംസ്ഥാനത്തെ കാട്ടുതീ വിഷയത്തിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ എന്തിനാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ചതെന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. ഉത്തരാഖണ്ഡിലെ കാട്ടുതീ സംബന്ധിച്ച കണക്കുകൾ പരിശോധിക്കുകയായിരുന്നു സുപ്രിംകോടതി.
കഴിഞ്ഞ നവംബർ മുതൽ ഉത്തരാഖണ്ഡിലുണ്ടായ കാട്ടുതീയിൽ ഏകദേശം 1437 ഹെക്ടറോളം വനം കത്തി നശിച്ചതായാണ് വനംവകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ 40 ശതമാനത്തോളം വനം ഇപ്പോഴും കാട്ടുതീയിൽ പെട്ടിരിക്കുകയാണെന്ന് അഡ്വ.പരമേശ്വർ ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാനം ഇത് നിഷേധിച്ചു. തുടർന്നാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചത് ചൂണ്ടിക്കാട്ടി സുപ്രിംകോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഇലകഷൻ ഡ്യൂട്ടി കഴിഞ്ഞുവെന്നും തുടർന്നങ്ങോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് അയയ്ക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചെങ്കിലും കോടതി നീരസം പ്രകടിപ്പിച്ചു. സംസ്ഥാനം ചെയ്ത തെറ്റിനെ ന്യായീകരിക്കുകയാണെന്നായിരുന്നു കോടതിയുടെ വിമർശനം.
ഉത്തരാഖണ്ഡിൽ മാത്രം 280 കാട്ടുതീ കേസുകൾ ഉണ്ടായിട്ടും സർക്കാർ എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കാട്ടുതീ അണയ്ക്കാനോ തുടർന്നുള്ള നടപടികൾക്കോ കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നായിരുന്നു ഇതിന് സർക്കാരിന്റെ മറുപടി. കേന്ദ്രസർക്കാരിന്റെ സഹകരണം കൂടിയായാൽ സാഹചര്യം കുറേക്കൂടി മെച്ചപ്പെടുത്താമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വനംവകുപ്പിലേക്ക് മാത്രം 1205 പോസ്റ്റിംഗുകൾ നടത്തിയെന്ന് അറിയിച്ച സർക്കാർ കൂടുതൽ പോസ്റ്റിംഗുകൾ നടത്തി വരികയാണെന്നും കൂട്ടിച്ചേർത്തു.