'അഴിമതി ആരോപണങ്ങളിൽ രാജെയ്‌ക്കെതിരെ എന്ത് നടപടിയെടുത്തു?': ഗെഹ്‌ലോട്ടിനോട് സച്ചിൻ പൈലറ്റ്
തുടർച്ചയായ നാലാം ദിവസമാണ് സ്വന്തം സർക്കാരിനെതിരെ പരസ്യമായി പൈലറ്റ് രംഗത്ത് വരുന്നത്
ജയ്പൂർ: സ്വന്തം പാർട്ടിക്കെതിരെ വീണ്ടും പരസ്യവിമർശനവുമായി സച്ചിൻ പൈലറ്റ് രംഗത്ത്. രാജസ്ഥാനിലെ ബിജെപി നേതാക്കൾക്കെതിരെയുള്ള അഴിമതിക്കേസുകളിൽ നടപടിയെടുക്കാത്തതെന്തെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോട് സച്ചിൻ പൈലറ്റിന്റെ ചോദ്യം.
ബിജെപി നേതാവ് വസുന്ധര രാജെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന ആരോപണങ്ങളിൽ എന്ത് നടപടിയെടുത്തുവെന്ന് പാലി ജില്ലയിൽ നടന്ന കിസാൻ സമ്മേളനത്തിൽ സംസാരിക്കവേ പൈലറ്റ് ചോദിച്ചു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ കേന്ദ്ര നേതാക്കൾ കേസുകൾ കെട്ടിച്ചമച്ച് അവർ പൊതുമധ്യത്തിൽ അപമാനിക്കപ്പെടുമ്പോഴും രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നടപടിയെടുക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയ പൈലറ്റ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജെയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്നും പറഞ്ഞു.
തുടർച്ചയായ നാലാം ദിവസമാണ് സ്വന്തം സർക്കാരിനെതിരെ പരസ്യമായി പൈലറ്റ് രംഗത്ത് വരുന്നത്. ചോദ്യപ്പേപ്പർ ചോർച്ചയിലും നിയമന അഴിമതിയിലുമെല്ലാം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ പൈലറ്റ് രൂക്ഷമായി വിമർശിച്ചിരുന്നു.