മണിപ്പൂരിൽ വ്യാപക സംഘർഷം; മന്ത്രിമാരുടെയും ബിജെപി എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു

പല ജില്ലകളിലും ഇൻറർനെറ്റ്​ വിച്ഛേദിച്ചു

Update: 2024-11-16 15:32 GMT
Advertising

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം വ്യാപിച്ചതോടെ പല ജില്ലകളിലും കർഫ്യൂ ഏർപ്പെടുത്തി. ശനിയാഴ്​ച വൈകീട്ട്​ 4.30 മുതലാണ്​ കർഫ്യൂ. ജിരിബാം ജില്ലയിൽനിന്ന്​ കാണാതായ ആറ്​ മെയ്​തെയ്​ വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിന്​ പിന്നാലെയാണ്​ ഇംഫാൽ വാലി ജില്ലകളിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്​.

‘കുക്കി കലാപകാരികൾക്കെതിരെ’ കടുത്ത നടപടി വേണമെന്ന്​ മെയ്​തെയ്ക്കാർ ആവശ്യപ്പെട്ടു. ഇംഫാലിലുള്ള മന്ത്രിമാരുടെയും ബിജെപിയുടെയടക്കം എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കുകയും ടയറുകൾ കത്തിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്​തു. ഇതിനെ തുടർന്നാണ് ചില ജില്ലകളിൽ​ കർഫ്യൂ ഏർപ്പെടുത്തിയത്​. ഇവിടങ്ങളിൽ ഇൻറർനെറ്റും റദ്ദാക്കി.

ആരോഗ്യ മന്ത്രി സപം രഞ്​ജൻ, മുഖ്യമന്ത്രി ബിരേൻ സിങ്ങി​െൻറ മരുമകനും ബിജെപി എംഎൽഎയുമായ ആർ.കെ ഇമോ, സ്വതന്ത്ര എംഎൽഎ നിഷികന്ദ സിങ്​ തുടങ്ങിയവരുടെ വീടുകൾക്ക്​ നേരെയായിരുന്നു ആക്രമണം.

കുക്കികൾ തട്ടിക്കൊണ്ടുപോയെന്ന്​ കരുതുന്ന മൂന്നുപേരുടെ മൃതദേഹം വെള്ളിയാഴ്​ച പുഴയിൽനിന്നാണ്​ കണ്ടെത്തിയത്​. മറ്റു മൂന്നുപേരുടേത്​ ശനിയാഴ്​ചയും കണ്ടെത്തി. ഇതോടെ, തട്ടിക്കൊണ്ടുപോയവരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിൽ സംസ്​ഥാന സർക്കാരും സുരക്ഷാ സേനയും പരാജയപ്പെ​ട്ടെന്ന്​ കാണിച്ച്​ പ്രതിഷേധക്കാർ രംഗത്തിറങ്ങുകയായിരുന്നു.

ഒരു കുടുംബത്തിലെ ആറുപേരെയാണ്​ കാണാതായിരുന്നത്​. ഇതിൽ മൂന്ന്​ സ്​ത്രീകളും മൂന്ന്​ കുട്ടികളുമായിരുന്നു. ഒരു കുട്ടിക്ക്​ എട്ട്​ മാസവും മറ്റൊരാൾക്ക്​ രണ്ടര മാസവുമാണ്​ ​പ്രായം. കഴിഞ്ഞയാഴ്​ച സിആർപിഎഫ്​ ​പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ 10 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ്​ ആറുപേരെ കാണാതാകുന്നത്​.

അതേസമയം, ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയ അഫ്‌സ്പ പിൻവലിക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News