ലൈംഗികാതിക്രമക്കേസ്: എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ ഒളിവുജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു
ഈ മാസം 31 ന് മുമ്പ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന് മുന്നിൽ ഹാജരാകും
ബംഗളുരു:ലൈംഗികാതിക്രമക്കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ കീഴടങ്ങാൻ നാട്ടിലേക്കെത്തുന്നു.31 ന് രാവിലെ പത്തുമണിക്ക് മുന്നിൽ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന് മുന്നിൽ ഹാജരാകും.എപ്രിൽ 27 മുതൽ ജർമനിയിൽ ഒളിവിൽ കഴിയുകയാണ് പ്രജ്വൽ. സംസ്ഥാന സർക്കാറിന്റെ കനത്ത സമ്മർദ്ദത്തെ തുടർന്ന് പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം.
അന്വേഷണ സംഘവുമായി പൂർണമായും സഹകരിക്കും.എനിക്ക് നിയമ സംവിധാനത്തെ പൂർണമായും വിശ്വാസമാണ്.തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസിനെ നിയമപരമായും നേരിടുമെന്നും വിഡിയോ സന്ദേശത്തിൽ പ്രജ്വൽ വ്യക്തമാക്കി.പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് വീണ്ടും സിദ്ധരാമയ്യ കത്തയച്ചതോടെ നടപടികളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രജ്വൽ മടങ്ങിയെത്താൻ തീരുമാനിച്ചത്.ഏപ്രിൽ 27 നാണ് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് രക്ഷപ്പെട്ടത്.
നേരത്തെ കത്തയച്ചിട്ടും നടപടിയെടുക്കാത്ത മോദിയുടെ നിലപാട് നിരാശയുണ്ടാക്കുന്നതാണ്. എംപിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ലുക്ക് ഔട്ട് സർക്കുലറും ബ്ലൂ കോർണർ നോട്ടീസും സെക്ഷൻ 41 എ സിആർപിസി പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്റെ രണ്ട് നോട്ടീസുകളും നൽകിയിരുന്നു. പ്രജ്വലിനെതിരെ ഉയർന്ന പരാതികൾ ഇൻഡ്യ മുന്നണി രാഷ്ട്രീയ വിഷയമാക്കുകയും ചെയ്തിരുന്നു.
ലൈംഗികാരോപണത്തിൽപ്പെട്ടതിന് പിന്നാലെ രാജ്യംവിട്ട ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്ക് മുന്നറിയിപ്പുമായി മുത്തച്ഛനും ജനതാദൾ (സെക്കുലർ) തലവനുമായ എച്ച്.ഡി ദേവഗൗഡ കത്തെഴുതിയിരുന്നു.എത്രയും പെട്ടെന്ന് നാട്ടിലെത്തി നിയമനടപടി നേരിടാൻ അദ്ദേഹം പ്രജ്വൽ രേവണ്ണയോട് ആവശ്യപ്പെട്ടു.ലൈംഗികാതിക്രമ കേസിലെ പ്രതിയായ ചെറുമകൻ പ്രജ്വൽ രേവണ്ണക്ക് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കിയത് എച്ച്.ഡി ദേവഗൗഡ തന്നെയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു.