'അടുത്ത തവണ ഗംഭീരമാക്കാം!'; ലൈംഗിക പീഡനക്കേസില്‍ സൂരജ് രേവണ്ണക്കെതിരെയുള്ള എഫ്‌ഐആർ പുറത്ത്
'ലൈംഗിക പീഡനം പുറത്തു പറയാതിരിക്കാന്‍ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തു'
ബംഗളൂരു: ജനതാദൾ എസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർണാടക എംഎൽസി സൂരജ് രേവണ്ണയ്‌ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രവർത്തകൻ എതിർത്തിട്ടും സൂരജ് പീഡിപ്പിക്കുകയായിരുന്നു എന്നും 'അടുത്ത തവണ ഗംഭീരമാക്കാം' എന്ന് ഇയാൾ പറഞ്ഞതായും എഫ്‌ഐആറിൽ പറയുന്നു. ലൈംഗികാതിക്രമ കേസിൽ വിചാരണ നേരിടുന്ന ജനതാദൾ എസ് മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ.
ജൂൺ 16ന് ഹാസനിലെ ഗണ്ണികഡയിൽ സ്ഥിതി ചെയ്യുന്ന ഫാം ഹൗസിൽ വച്ചായിരുന്നു പീഡനം. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സൂരജ് പ്രവർത്തകനെ ഫോണിൽ വിളിച്ചത്. അന്നേദിവസം വൈകിട്ട് ആറു മണിക്ക് ഫാം ഹൗസിലെത്താൻ ആവശ്യപ്പെട്ടു. സമയത്തു തന്നെ പ്രവർത്തകൻ എത്തുകയും ചെയ്തു.
ഇയാൾ മുറിയിൽ കടന്ന ഉടൻ സൂരജ് വാതിലടക്കാൻ ആവശ്യപ്പെട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ സൂരജ് തോളിലൂടെ കൈയിടുകയും ചെവിക്ക് പിന്നിൽ തലോടുകയും ചെയ്തു. പിന്നീട് ബലമായി ചുംബിച്ചു. ഇയാളുടെ ചുണ്ടിൽ കടിക്കുകയും ചെയ്തു. പിന്നീട് ബലമായി ഇയാളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ബലമായി ആശ്ലേഷിക്കുകയും കവിൽ കടിക്കുകയും ചെയ്തു. സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. പിന്നീട് ഓറൽ സെ്കസ് ചെയ്യാനും നിർബന്ധിച്ചു.- എഫ്‌ഐആറിൽ പറയുന്നു.
അതിക്രമത്തിനിടെ പ്രവർത്തകൻ സൂരജിന്റെ കാലിൽ വീണ് നിർത്താൻ ആവശ്യപ്പെട്ടു. സൂരജ് നിർത്തിയില്ലെന്ന് മാത്രമല്ല, സമയമെടുത്താൽ കാര്യങ്ങൾ ശരിയായി വരുമെന്നും പറഞ്ഞു. തൊഴിൽ തരപ്പെടുത്തി നൽകാമെന്നും രാഷ്ട്രീയമായി സഹായിക്കാമെന്നും അയാൾ വാഗ്ദാനം ചെയ്തു. അതിക്രമത്തിന് ശേഷം നാട്ടിലേക്ക് തിരികെപ്പോയ ഇയാൾ സൂരജിന്റെ സഹായിയായ ശിവകുമാറിനോടാണ് സംഭവങ്ങൾ വെളിപ്പെടുത്തിയത്.- എഫ്‌ഐആറിൽ വ്യക്തമാക്കി.
മെസ്സേജുകള്‍ വഴി കെണിയൊരുക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് സൂരജ് ഹാസനിൽ വച്ച് പ്രവർത്തകനെ കണ്ടതെന്ന് പൊലീസ് പറയുന്നു. ഇരുവരും ഫോൺ നമ്പർ കൈമാറുകയും ചെയ്തു. ജൂൺ 14ന് വൈകുന്നേരം സൂരജ് ഇയാൾക്ക് ഹൃദയചിഹ്നത്തോടൊപ്പം ഗുഡ് ഈവനിങ് സന്ദേശം അയച്ചു. വെരി ഗുഡ് ഈവനിങ് എന്ന സന്ദേശം ഇയാൾ തിരിച്ചയയ്ക്കുകയും ചെയ്തു. പഠന-കുടുംബ കാര്യങ്ങൾ ചോദിച്ചറിഞ്ഞ സൂരജ് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ഹാസനിലെ അർകൽഗുഡിൽ വച്ച് കാണാമെന്ന് പ്രവർത്തകൻ മറുപടി നൽകിയെങ്കിലും സൂരജ് അതു നിരസിച്ചു. പകരം ഫാം ഹൗസിൽ വച്ച് കാണാം എന്ന് പറയുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ സൂരജ് ഇയാൾക്ക് ഗുഡ് മോണിങ്, ഗുഡ് ഈവനിങ് മെസ്സേജുകൾ അയച്ചു കൊണ്ടിരുന്നു.
അതിക്രമം നടന്ന പിറ്റേന്ന്, ജൂൺ 17ന് രാത്രി 10.11ന് ഇയാൾ സൂരജിന് മെസ്സേജ് അയച്ചു. സംഭവങ്ങൾ തന്നെ തളർത്തിയെന്നും കുടുംബത്തിൽ നിന്ന് ശകാരം കേട്ടെന്നുമായിരുന്നു സന്ദേശം. ഇതിന് പിന്നാലെ സൂരജിന്റെ സഹായി ശിവകുമാർ സംഭവം പുറത്തുപറയരുത് എന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്തു. പരാതി നൽകിയാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അടുത്ത ദിവസം നിബന്ധനകള്‍ അംഗീകരിക്കാൻ ശിവകുമാർ പ്രവർത്തകനിൽ സമ്മർദം ചെലുത്തി. രണ്ട് കോടി രൂപയും ജോലിയുമാണ് സൂരജ് ഫോൺ വഴി വാഗ്ദാനം ചെയ്തത്.
ഏതെങ്കിലും തരത്തിലുള്ള ആശുപത്രി ആവശ്യങ്ങൾ വന്നാൽ അക്കാര്യം കൈകാര്യം ചെയ്യണമെന്ന് സൂരജ് ശിവകുമാറിനോട് നിർദേശിച്ചിരുന്നു. ജൂൺ 19ന് ശിവകുമാർ പ്രവർത്തകനെ വീണ്ടും കാണുകയും ഭീഷണി ആവർത്തിക്കുകയും ചെയ്തു. എന്നാൽ നീതി കിട്ടും വരെ പോരാടുമെന്ന സന്ദേശമാണ് പ്രവർത്തകൻ നൽകിയത്. അന്ന് വൈകിട്ട് ശിവകുമാർ പ്രവർത്തകന് രാത്രിഭക്ഷണ സൗകര്യങ്ങളുള്ള ഹൊലെനരാസിപുരയിലെ ലോഡ്ജിൽ മുറിയൊരുക്കി. എന്നാൽ പ്രവർത്തകൻ അന്നു രാത്രി ബംഗളൂരുവിലേക്ക് കടന്നു. ഇതിന് പിന്നാലെ നഗരത്തിലെ ഡിജി ഓഫീസിൽ നേരിട്ടെത്തിയാണ് പ്രവർത്തകൻ സൂരജിനെതിരെ രേഖാമൂലമുള്ള പരാതി നൽകിയത്. പരാതിയുടെ പകർപ്പ് സൂരജിനും ശിവകുമാറിനും അയച്ചു കൊടുക്കുകയും ചെയ്തു.
സംഭവത്തിൽ സൂരജിനെയും ശിവകുമാറിനെയും ഹാസൻ പൊലീസ് അറസ്റ്റു ചെയ്തു. ശിക്ഷാ നിയമത്തിലെ വകുപ്പ് 377 (പ്രകൃതിവിരുദ്ധ പീഡനം), 342 (അന്യായമായി തടങ്കലിൽ വയ്ക്കൽ), 506 (സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെ മനഃപൂർവ്വം അപമാനിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.