'ഞങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിക്ക് പോരാടും': ഫാറൂഖ് അബ്ദുല്ല

തീവ്രവാദത്തിന് കാരണം ആർട്ടിക്കിള്‍ 370 ആണെന്നാണ് അന്ന് കേന്ദ്രസർക്കാർ പറഞ്ഞത്. ഇപ്പോൾ അവരാണ് ഭരിക്കുന്നത്. തീവ്രവാദം അപ്രത്യക്ഷമായോയെന്നും ഫാറൂഖ് അബ്ദുല്ല ചോദിച്ചു

Update: 2024-09-18 03:05 GMT
Editor : rishad | By : Web Desk
Advertising

കശ്മീര്‍: സംസ്ഥാന പദവിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും നാഷണല്‍ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല. സംസ്ഥാന പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ, ഞങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്നത് അംഗീകരിക്കുന്നില്ലെന്നും ഫാറൂഖ് അബ്ദുല്ല മീഡിയവണിനോട് പറഞ്ഞു. 

''ജമ്മുകശ്മീർ ജനതയുടെ അവകാശങ്ങളെല്ലാം ഇല്ലാതാക്കിയിട്ടാണോ പുതിയ കശ്മീർ എന്ന് കേന്ദ്രസർക്കാർ പറയുന്നത്. ഞങ്ങളുടെ സംസ്ഥാന പദവി അവർ എടുത്തുകളഞ്ഞു. സംസ്ഥാന പദവി തിരികെ പിടിക്കാനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും''-  ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. 

'ആർട്ടിക്കിൾ 370 തിരിച്ചുവരാൻ സമയം എടുക്കും. കാരണം ഞങ്ങൾ തോക്കും വെടിയുണ്ടയുമായി പോരാടാൻ ഇറങ്ങുന്നില്ല. മുൻപ് രണ്ട് തവണ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് പറഞ്ഞിരുന്നത് ആർട്ടിക്കിൽ 370 സ്ഥിരമാണെന്നായിരുന്നു. എന്നാൽ, അതേ സുപ്രിംകോടതിയാണ് അത് മറന്നത്'- ഫാറൂഖ് അബ്ദുല്ല ഓർമിപ്പിച്ചു.

കശ്മീരിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല, കശ്മീരിലാകെ ആയുധങ്ങളുമായി സേന നിറഞ്ഞിരിക്കുന്നു. തീവ്രവാദത്തിന് കാരണം ആർട്ടിക്കിള്‍ 370 ആണെന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോള്‍ അവരാണ് ഇവിടെ ഭരിക്കുന്നത്. തീവ്രവാദം അപ്രത്യക്ഷമായോയെന്നും  ഫാറൂഖ് അബ്ദുല്ല ചോദിച്ചു. നാഷണല്‍ കോൺഫറൻസ്- കോൺഗ്രസ്‌ സഖ്യം അധികാരത്തിൽ വരുമെന്നും ഫാറൂഖ് അബ്ദുല്ല പ്രതീക്ഷ പങ്കുവെച്ചു. 

Watch Video

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News