ഹരിയാനയിൽ കോണ്‍ഗ്രസ് നൽകിയ മുഴുവന്‍ ഉറപ്പുകളും പാലിക്കും: മല്ലികാർജുൻ ഖാർഗെ
നരേന്ദ്രമോദിയുടെ കോൺഗ്രസിന് എതിരായ പരാമർശങ്ങളിൽ ഭയപ്പെടുകയില്ലെന്നും ഖാർഗെ
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ഉറപ്പായും നടപ്പിലാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏഴ് ഉറപ്പുകളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
1. കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ
2. സ്ത്രീകൾക്ക് പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ. 500 രൂപക്ക് പാചക വാതകം
3. യുവജനങ്ങൾക്ക് 2 ലക്ഷം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം. ലഹരി വിമുക്ത ഹരിയാന സംരംഭം ആരംഭിക്കും
4. 6000 രൂപ വീതം വാർധക്യ- വികലാംഗ- വിധവാ പെൻഷനുകൾ. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും
5. പിന്നോക്ക വിഭാഗങ്ങൾക്ക് ജാതി സെൻസസ് നടത്തും. ക്രീമി ലെയർ പരിധി 10 ലക്ഷം രൂപയായി ഉയർത്തും
6. കർഷകർക്ക് മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി. വിളകൾക്ക് ഉടനടി നഷ്ടപരിഹാരം
7. പാവപ്പെട്ടവർക്ക് വീട്. 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട്
തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് കോൺഗ്രസ് രീതിയെന്നും അത് ഹരിയാനയിലും തുടരുമെന്നും ഖാർഗെ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഗാനം കോൺഗ്രസ് പുറത്തുവിട്ടു.
രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കട്ടേയെന്നും ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രകൾ സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെ പോയാലും കോൺഗ്രസിന് എതിരെ പരാമർശങ്ങൾ നടത്തുന്നു. അതിൽ കോൺഗ്രസിന് ഭയമില്ല. ഭയപ്പെടുകയുമില്ല. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രായോഗികമാവില്ലെന്നും ഇപ്പോൾ ഉള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാറിന്റെ നീക്കമെന്നും ഇത് നടപ്പാക്കാൻ പോകുന്നില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.