അധ്യക്ഷനാകാന്‍ ഇല്ലെന്ന് ഉറച്ചു പറഞ്ഞ് രാഹുൽ; പ്രിയങ്കയോ ഗെലോട്ടോ- തലപുകഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം
1998 മുതല്‍ ഗാന്ധി കുടുംബത്തില്‍പ്പെട്ടയാളാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലിരിക്കുന്നത്
ന്യൂഡൽഹി: കോൺഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കൽക്കൂടി ഇല്ലെന്ന് രാഹുൽ ഗാന്ധി ഉറച്ചു പറഞ്ഞതോടെ പാർട്ടി നേതൃത്വം വിഷമസന്ധിയിൽ. രാഹുലിന് പുറമേ, ആരോഗ്യകാരണങ്ങളാൽ പ്രസിഡണ്ട് പദവിയിലേക്കില്ലെന്ന നിലപാടിലാണ് അമ്മ സോണിയയും. ഇതോടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾ പ്രതിസന്ധിയിലായി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് രാഹുൽ പ്രസിഡണ്ട് പദമൊഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേൽക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സന്ദർഭങ്ങളിൽ രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. അതിനിടെ, പാര്‍ട്ടിക്ക് മുഴുസമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
രാഹുലിന്റെയും സോണിയയുടെയും അഭാവത്തിൽ പ്രിയങ്കാ ഗാന്ധി നേതൃപദവി ഏറ്റെടുക്കട്ടെ എന്ന നിലപാടിലാണ് ചില നേതാക്കൾ. സോണിയ തുടരണം എന്ന അഭിപ്രായവും ചിലർക്കുണ്ട്. എന്നാൽ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പ്രിയങ്കയുടെ സാധ്യതയ്ക്കു മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പരിഗണിക്കപ്പെടുന്നവരിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് മുമ്പിൽ. ഇതു സംഭവിച്ചാൽ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാർട്ടി അധ്യക്ഷ പദവിയിലെത്തും. എന്നാൽ ഗെലോട്ടിന്റെ നിയമനത്തെ രാജസ്ഥാനിൽനിന്നുള്ള നേതാക്കൾ എതിർത്തേക്കും. സംസ്ഥാനത്ത് സച്ചിൻ പൈലറ്റും ഗെലോട്ടും തമ്മിലുള്ള ഗ്രൂപ്പ് പോര് രഹസ്യമല്ല. ഗെലോട്ടിന് പുറമേ, മല്ലികാർജ്ജുൻ ഖാർഗെ, മുകുൽ വാസ്‌നിക്, കുമാരി സെൽജ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നുണ്ട്.
ആഗസ്ത് 21നും സെപ്തംബർ 20നും ഇടയിൽ പുതിയ പാർട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ അനിശ്ചിതത്വം തുടരുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കാനായിട്ടില്ല.