പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം
വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം
ഡല്‍ഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. 16 ബില്ലുകൾ ഈ സഭാ കാലയളവിൽ ചർച്ചയ്ക്കെടുക്കും. വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ഈ മാസം 29 വരെ നീണ്ടുനിൽക്കുന്ന പാർലമെന്‍റിന്‍റ ശൈത്യകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ലോക്സഭ അംഗമായിരിക്കെ അന്തരിച്ച മുലായം സിംഗ് യാദവ് അടക്കമുള്ളവർക്ക് ഇരുസഭകളും ആദരാഞ്ജലി അർപ്പിക്കും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘട്ട് അധ്യക്ഷനാകുന്ന ആദ്യ രാജ്യസഭാ സമ്മേളനം കൂടിയാണിത്. രണ്ട് വർഷങ്ങൾക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയാണ് സഭ സമ്മേളിക്കുക. വനം സംരക്ഷണ ഭേദഗതി, ട്രേഡ് മാർക്ക് ഭേദഗതി, കലാ ക്ഷേത്ര ഫൗണ്ടേഷൻ ഭേദഗതി അടക്കം 16 ബില്ലുകൾ ഈ സഭാ കാലയളവിൽ ചർച്ചയ്ക്കെടുക്കും. ചൈനീസ് കടന്ന് കയറ്റം, സംസ്ഥാന സർക്കാരുകളെ പ്രതിരോധത്തിലാക്കുന്ന ഗവർണർമാരുടെ നടപടി, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ സഭകളിൽ പ്രതിപക്ഷം ഉന്നയിക്കും.
പ്രതിഷേധം ഏതു തരത്തിൽ വേണമെന്ന് ചർച്ച ചെയ്യാൻ രാവിലെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് എം.പിമാർ യോഗം ചേരും. ശൈത്യകാല സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സർക്കാർ ഇന്നലെ സർവ്വകക്ഷി യോഗം വിളിച്ചു.