നാല് പേർ വനിതകൾ; കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ വിവരങ്ങൾ പുറത്ത്

വയനാട് തലപ്പുഴ സ്വദേശി ജിഷ അടക്കം ആറ് പേരാണ് കീഴടങ്ങാനൊരുങ്ങുന്നത്

Update: 2025-01-08 07:44 GMT
Advertising

ബംഗളുരു: വർഷങ്ങളായി കർണാടകയിലടക്കം മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിയ കീഴടങ്ങിയവരിൽ മലയാളിയായ വനിതയടക്കം ആറ് പേരാണുള്ളത്. കീഴടങ്ങാനൊരുങ്ങുന്നവരുടെ പൂർണവിവരങ്ങൾ പുറത്തുവന്നു. വയനാട് തലപ്പുഴ സ്വദേശി ജിഷ അടക്കം ആറ് പേരാണ് കർണാടകയിലെ ചിക്കമംഗളുരുവില്‍ കീഴടങ്ങുക. ജിഷക്കൊപ്പം ലത മുണ്ടഗരു, സുന്ദരി, വനജാക്ഷി, ജയണ്ണ അറോളി, വസന്ത് ആർക്കോട്, എന്നിവരാണ് കീഴടങ്ങാനൊരുങ്ങുന്നത്. ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തില്‍ കീഴടങ്ങും. വയനാട് മക്കിമല സ്വദേശി ജിഷയടക്കം ആറുപേരാണ് സായുധ പോരാട്ടം നിർത്തുന്നത്. കർണാടക സർക്കാർ സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോർ പീസ് എന്ന സംഘടനയുടെ മധ്യസ്ഥതയില്‍ നടത്തി നീക്കമാണ് വിജയിച്ചത്.

ജിഷ

കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാവോയിസ്റ്റ് പാർട്ടി അംഗമാണ് മലയാളിയായ ജിഷ. വയനാടിലെ മക്കിമലയിൽ നിന്നുള്ള ആദിവാസി. എട്ടാം ക്ലാസുവരെയാണ് വിദ്യാഭ്യാസം. 2018 മുതൽ കേരള വനങ്ങളിലെ മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമായി. 2023 ൽ പ്രവർത്തനം കേരള -കർണാടക കേന്ദ്രീകരിച്ചുള്ള സംഘത്തിനൊപ്പമായി.

ലത മുണ്ടഗരു

കർണാകടയിലെ മാവോയിസ്റ്റുകളുട നേതാവായിരുന്നു ലത. ശ്രിങ്കേരി താലൂക്കിൽ നിന്നുള്ള ആദിവാസിയായ ലത, ദാരിദ്ര്യം കാരണം ആറാംക്ലാസിൽ പഠനം നിർത്തി. കുദ്രേമുഖ് നാഷണൽ പാർക്കിന്റെ സ്ഥലം ഏറ്റെടുത്തതോടെ ഭൂമി നഷ്ടപ്പെട്ടതോടെയാണ് ജനകിയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. പ്രതിഷേധങ്ങൾ പരിഹാരം കാണാതായപ്പോൾ 2000 ൽ പതിനെട്ടാം വയസിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമാവകുയായിരുന്നു.

സുന്ദരി

പത്തൊൻപതാം വയസുമുതൽ സായുധ പ്രവർത്തങ്ങളിൽ സജീവം. ദാരിദ്ര്യം കാരണം മൂന്നാം ക്ലാസിൽ സ്കൂൾ പഠനം നിർത്തി. കുദ്രേമുഖ് നാഷണൽ പാർക്ക് സ്ഥലം ഏറ്റെടുക്കലിൽ ഭൂമി നഷ്ടപെടുകയും ഇതിനെത്തുടർന്നുള്ള ജനകിയ സമരങ്ങൾ ഫലം കാണാത്തതോടെയും 2004 ൽ മാവോയിസ്റ്റ് പാർട്ടിയുടെ ഭാഗമായി. കേരള, കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിന്റെ ഭാഗമായിരുന്നു.

വനജാക്ഷി

മാവോയിസ്റ്റ് സംഘത്തിലെ മുതിർന്ന അംഗമാണ് ആദിവാസിയായ വനജാക്ഷി. 2000 മുതൽ പാർട്ടിയിൽ. പത്താംക്ലാസുവരെയാണ് വിദ്യാഭ്യാസം. 1985 ൽ പഠനം ഉപേക്ഷിച്ച് പൊതു പ്രവർത്തനത്തിൽ പ്രവേശിച്ചു. 1992 ലും 1997 ലും എതിരാളികളില്ലാതെ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് മക്കളുള്ള കുടുംബത്തിൽ മൂത്ത മകളായിരുന്നു വനജാക്ഷി, ടൈപ്പ്റൈറ്റിംഗ് പരിശീലിച്ചിരുന്നു. തയ്യലായിരുന്ന ജീവിത മാർഗം. എന്നാൽ തങ്ങൾ സമ്പാദിച്ചതൊക്കെ ഗ്രാമത്തിലെ ജന്മികൾ പിടിച്ചെടുത്തപ്പോഴും നിസ്സഹായായി നിൽക്കേണ്ടി വന്നു. തന്റെ രാഷ്ട്രീയ സാഹചര്യം പോലും സഹായിക്കാതിരുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളിലെ പ്രതീക്ഷ നഷ്ട്ടപ്പെട്ട് സായുധ സംഘത്തിലേക്ക് ഇറങ്ങുകയായിരുന്നു.കേരള, കർണാടക കേന്ദ്രിരീകരിച്ചുള്ള മാവോയിസ്റ്റ് സംഘത്തിൽ സജീവമായിരുന്നു.

ജയണ്ണ അറോളി

റായിച്ചൂർ ജില്ലയിലെ മൻവി താലൂക്കിലെ അറോളി ഗ്രാമത്തിൽ നിന്നാണ് ജയണ്ണ അറോളി എന്ന ദലിത് യുവാവ് മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. ബി എ രണ്ടാംവർഷം വരെ പഠിച്ച ജയണ്ണ ഇരുപത്തിനാലാം വയസിൽ മാവോയിസ്റ്റ് പാർട്ടി അംഗമായി. കർണാടക- കേരള അതിർത്തിയായിരുന്നു പ്രവർത്തന മേഖല. അതിനിടയിൽ പാർട്ടിയിൽ നിന്ന് മാറി നിന്നെങ്കിലും 2018 ൽ വീണ്ടും സായുധ പ്രവർത്തനം പുനരാംഭിച്ചു. എന്നാൽ കീഴങ്ങലിനുശേഷം, സർക്കാരിന്റെ പുനരധിവാസ പാക്കേജിൽ നിന്ന് തനിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ പകുതി ഗ്രാമത്തിലെ സ്‌കൂളിന്റെ വികസനത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വസന്ത് ആർക്കോട്

തമിഴ്നാട് വെല്ലൂരിലെ ആർക്കോട്ട് സ്വദേശിയാണ് വസന്ത്. ബി ടെക് ബിരുദധാരിയായ വസന്ത് 2010 ൽ സായുധ സമരത്തിനൊപ്പം ചേർന്നു. കേരളത്തിലും കർണാടകയിലും പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമായിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News