കറുത്തനിറത്തിന്‍റെ പേരില്‍ ഭര്‍ത്താവിനെ തീ കൊളുത്തികൊന്നു; യുവതിക്ക് ജീവപര്യന്തം
ഫത്തേഗഡിലെ ബിച്ചേട്ടയിലാണ് ഇവര്‍ താമസിക്കുന്നത്
ബറേലി: കറുത്ത നിറത്തിന്‍റെ പേരില്‍ ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഭര്‍ത്താവ് സത്യവീര്‍ സിംഗിനെ(25) കൊലപ്പെടുത്തിയ പ്രേംശ്രീക്കാണ്(26) പ്രാദേശിക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഫത്തേഗഡിലെ ബിച്ചേട്ടയിലാണ് ഇവര്‍ താമസിക്കുന്നത്. ഭർത്താവിന്‍റെ രൂപത്തിലും കറുത്ത നിറത്തിലും അസ്വസ്ഥയായ പ്രേംശ്രീ പലവട്ടം സത്യവീറിനോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും യുവാവ് വിവാഹമോചനത്തിന് തയ്യാറായില്ല. 2018 നവംബറില്‍ ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു. 2019 ഏപ്രില്‍ 15ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന സത്യവീർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സത്യവീറിന്‍റെ സഹോദരൻ ഹർവീർ സിംഗ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രേംശ്രീയുടെ അറസ്റ്റിലേക്ക് നയിച്ചു. ഭാര്യയാണ് കൊലയാളിയെന്ന് സത്യവീര്‍ പൊലീസിന് മരണമൊഴി നല്‍കിയിരുന്നു. ഇതുശരിവച്ചാണ് കോടതിയുടെ വിധി. “സംഭവത്തിന് തലേദിവസം ഭാര്യയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ വീട്ടിൽ ഉറങ്ങുകയായിരുന്നപ്പോൾ ഭാര്യ എന്നെ തീകൊളുത്തി.” എന്നായിരുന്നു സത്യവീറിന്‍റെ മരണമൊഴി. എന്നാല്‍ തന്‍റെ ഭർത്താവിനെ രക്ഷിക്കാൻ താൻ ശ്രമിച്ചുവെന്നും അതിനിടയിൽ പൊള്ളലേറ്റുവെന്നും പ്രേംശ്രീ അവകാശപ്പെട്ടു.