പ്രജ്വൽ രേവണ്ണയും പിതാവും തന്റെ അമ്മയെയും ബലാത്സം​ഗം ചെയ്തു, വീഡിയോ കോൾ ചെയ്ത് വസ്ത്രമഴിക്കാൻ ഭീഷണിപ്പെടുത്തി; പരാതിയുമായി യുവതി

വഴങ്ങിയില്ലെങ്കിൽ വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ഇരുവരും അമ്മയെ ഭീഷണിപ്പെടുത്തി. അച്ഛന്റെ ജോലി കളയുമെന്നും മകളായ എന്നെയും ബലാത്സം​ഗം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു- യുവതി പറഞ്ഞു.

Update: 2024-05-13 06:59 GMT
Advertising

ബെം​ഗളൂരു: കർണാടക ഹാസനിലെ ജെ.ഡി.എസ് എം.പിയും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. പ്രജ്വലും പിതാവും തന്റെ അമ്മയെയും വീട്ടുവേലക്കാരികളേയും ബലാത്സം​ഗം ചെയ്തെന്നും വീഡിയോ കോൾ വിളിച്ച് വസ്ത്രങ്ങൾ അഴിക്കാൻ ജെഡിഎസ് എം.പി തന്നെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ബെം​ഗളൂരു സ്വദേശിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.

2020, 2021 വർഷങ്ങളിലാണ് സംഭവം. അമ്മയുടെ ഫോണിൽ വീഡിയോ കോളുകൾ ചെയ്ത് പ്രജ്വൽ രേവണ്ണ തന്നെയും അമ്മയെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചതായി യുവതി പറയുന്നു. പ്രജ്വൽ നിരന്തരം വീഡിയോ കോൾ ചെയ്ത് എന്നോട് വസ്ത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടു. എന്റെ അമ്മയുടെ ഫോണിലാണ് വിളിച്ചിരുന്നത്. പറ്റില്ലെന്ന് ഞാൻ പറയുമ്പോൾ എന്നെയും അമ്മയേയും ഇല്ലാതാക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞ കുടുംബം എന്നെ പിന്തുണയ്ക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു- യുവതി പറഞ്ഞു.

തന്റെ അമ്മയെ പ്രജ്വലും പിതാവ് എച്ച്.ഡി രേവണ്ണയും ബലാത്സം​ഗം ചെയ്യുകയും ചെയ്തെന്നും യുവതി വ്യക്തമാക്കി. വഴങ്ങിയില്ലെങ്കിൽ വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്ന് ഇരുവരും അമ്മയെ ഭീഷണിപ്പെടുത്തി. അച്ഛന്റെ ജോലി കളയുമെന്നും മകളായ എന്നെയും ബലാത്സം​ഗം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു. വിഷയത്തിൽ പരാതി നൽകിയതോടെ, പ്രതികൾ തന്റെ പിതാവിന്റെ ജോലി തെറിപ്പിച്ചെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

2020നും 2021നും ഇടയിൽ തുടർച്ചയായി നടന്ന പീഡനം തൻ്റെ കുടുംബത്തിന് കനത്ത നഷ്ടം വരുത്തി. തങ്ങളുടെ ഫോൺ നമ്പറുകൾ മാറ്റാൻ നിർബന്ധിതരായി. ഹാസൻ എം.പി തൻ്റെ വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. 'പഴങ്ങൾ ഉൾപ്പെടെ വാ​ഗ്ദാനം ചെയ്ത് രേവണ്ണ വീട്ടുജോലിക്കാരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതുവരെ മൂന്ന് പേർ മാത്രമാണ് സംഭവങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചത്. മൂന്ന് പേർ പേടി മൂലം ഒന്നും പുറത്തുപറഞ്ഞിട്ടില്ല- യുവതി പറയുന്നു.

സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം തങ്ങൾ ഭൂമി വിൽക്കാനും നിർബന്ധിതരായെന്നും യുവതി പറഞ്ഞു. 'പീഡനത്തെ തുടർന്ന് എൻ്റെ അമ്മ നാലോ അഞ്ചോ മാസത്തിലൊരിക്കൽ മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. ഞങ്ങളോട് സംസാരിക്കാറുമില്ലായിരുന്നു. ഒടുവിൽ ഞങ്ങൾ അമ്മയ്ക്ക് ചികിത്സ നൽകി'- യുവതി പറഞ്ഞു.

പ്രജ്വൽ രേവണ്ണയും എച്ച്‌.ഡി രേവണ്ണയെയും സ്ഥിരം കുറ്റവാളികളാണെന്നു പറഞ്ഞ യുവതി, തനിക്കും അമ്മയ്ക്കും നീതി വേണമെന്നും ആവശ്യപ്പെട്ടു. 33കാരനായ പ്രജ്വലിന്റെ പീഡനത്തിന് ഇരയായ സ്ത്രീകൾക്ക് പരാതി നൽകാൻ പ്രത്യേക അന്വേഷണ സംഘം ഹെൽപ് ലൈൻ രൂപീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈം​ഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈം​ഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്‌തതെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാൾക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം​ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നൽകുകയായിരുന്നു. ഇവരിൽ ജെഡിഎസ് വനിതാ നേതാക്കളും ഉൾപ്പെടും.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News