'വാ തുറക്കരുത്, രാജ്യം വിട്ട് പോവണം'; നിശബ്ദയാവാൻ ഭീഷണിയും സമ്മർദവുമെന്ന് ഹരിയാന ബിജെപി മന്ത്രിക്കെതിരെ പീഡന പരാതിയുന്നയിച്ച കായികതാരം

'എല്ലാ കാര്യങ്ങളും എസ്.ഐ.ടിയോട് വിശദമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഹരിയാന മുഖ്യമന്ത്രി അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്'.

Update: 2023-01-04 14:05 GMT
Advertising

ചണ്ഡീ​ഗഢ്: ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ പീഡന പരാതി നല്‍കിയ വനിതാ കായിക താരത്തിന് ഭീഷണിയെന്ന് പരാതി. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ അന്വേഷണത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതായും പൊലീസിൽ നിന്നടക്കം സമ്മർദമുണ്ടെന്നും പരാതിക്കാരിയായ താരം പറഞ്ഞു.

ചണ്ഡീ​ഗഢ് പൊലീസിലെ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീമിന് മുന്നിൽ ഹാജരായ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി അവരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഹരിയാന മുഖ്യമന്ത്രി അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. നിശബ്ദയാകാൻ എനിക്ക് മേൽ സമ്മർദമുണ്ട്- പരാതിക്കാരി വ്യക്തമാക്കി.

ഒരു കോടി രൂപ തരാമെന്നും രാജ്യം വിടണം എന്നും ആവശ്യപ്പെട്ട് തനിക്ക് നിരവധി ഫോൺകോളുകൾ വരുന്നുണ്ട്. ഹരിയാന പൊലീസ് തന്റെ മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും യുവതി ആരോപിച്ചു. "ഇന്ത്യ വിട്ട് ഏത് രാജ്യത്തേക്ക് വേണമെങ്കിലും പോകാമെന്നും ഒരു മാസത്തേക്ക് ഒരു കോടി രൂപ ലഭിക്കുമെന്നും പറഞ്ഞ് നിരവധി ഫോൺകോളുകളാണ് വരുന്നത്"- യുവതി വിശദമാക്കി.

"ഞാൻ ചണ്ഡീഗഡ് പൊലീസ് എസ്‌.ഐ‌.ടിയോട് എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന ഞാൻ കേട്ടു. അതിൽ മുഖ്യമന്ത്രി കുറ്റവാളിയായ മുൻ കായികമന്ത്രി സന്ദീപ് സിങ്ങിന്റെ പക്ഷം പിടിക്കുകയാണ്. എന്റെ മേൽ ഏതെങ്കിലും തരത്തിൽ സമ്മർദം ചെലുത്താൻ ചണ്ഡീഗഡ് പൊലീസ് ശ്രമിച്ചിട്ടില്ല. എന്നാൽ ഹരിയാന പൊലീസ് എന്നെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണ്"- അവർ കൂട്ടിച്ചേർത്തു.

പരാതിയിൽ ചണ്ഡീ​ഗഢ് പൊലീസ് പ്രതിയായ മുൻ കായികമന്ത്രി സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്യാൻ തയാറാവുന്നില്ലെന്നും അയാളെ ഇതുവരെ ചോദ്യം ചെയ്യുക പോലുമുണ്ടായില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. ദിപാൻഷു ബൻസാൽ പറഞ്ഞു.

"ഹരിയാന മുഖ്യമന്ത്രി എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ട്. എല്ലാം അവരോട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് പൊലീസ് മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യാത്തത്. ഇത് ജാമ്യമില്ലാ കുറ്റമാണ്. സന്ദീപ് സിങ്ങിനെ ഒരിക്കൽപ്പോലും പൊലീസ് വിളിച്ചുവരുത്തിയിട്ടില്ല. എന്നാൽ പരാതിക്കാരിയെ പലതവണ വിളിച്ചുവരുത്തി"- അദ്ദേഹം വിശദമാക്കി.

ഇതിനിടെ, സന്ദീപ് സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതാ കായികതാരവും പിതാവും ധൻഖർ ഖാപ്പിന്റെ പ്രതിനിധികൾക്കൊപ്പം ചൊവ്വാഴ്ച അംബാലയിൽ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. കായിക മന്ത്രിയെ അറസ്റ്റ് ചെയ്താൽ പീഡനത്തിനിരയായ കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരുമെന്ന് പരാതിക്കാരി പറഞ്ഞു.

"ഒരു വ്യക്തി എത്രകാലം നിശബ്ദത പാലിക്കും?" അത്‍ലറ്റിക് കോച്ച് കൂടിയായ പരാതിക്കാരി ചോദിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ കായിക മന്ത്രി തന്നെ നിരന്തരം ശല്യം ചെയ്തെന്ന് അവര്‍ പറഞ്ഞു- "ശബ്ദമുയർത്തേണ്ട സമയം വന്നു. കായിക മന്ത്രി എന്നെ ഔദ്യോഗികമായും മാനസികമായും ഉപദ്രവിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ നവംബർ വരെ സോഷ്യൽ മീഡിയയിലൂടെ മന്ത്രി നിരന്തരം ശല്യം ചെയ്തു.

മന്ത്രി അനുചിതമായി സ്പര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉപദ്രവം കാരണം എനിക്ക് സോഷ്യല്‍ മീഡിയ വിടേണ്ടിവന്നു. എന്‍റെ പരാതിയെ തുടർന്ന് കായിക മന്ത്രിക്കെതിരെ കേസെടുത്തു. എനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ട്"- മന്ത്രി അനിൽ വിജിനെ കണ്ട ശേഷം പരാതിക്കാരി പ്രതികരിച്ചു. പരാതിക്കു പിന്നാലെ സന്ദീപ് സിങ് കായിക മന്ത്രിസ്ഥാനം രാജി വച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News