വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; കാമുകന്‍റെ സഹായത്തോടെ ക്വട്ടേഷൻ നൽകി ഭര്‍ത്താവിനെ കൊലപ്പെടുത്തി; 22കാരി അറസ്റ്റിൽ
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഈ ക്രൂരകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്


ലഖ്നൗ: കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച ആകുന്നതിന് മുൻപാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിൽ നടന്ന കൊലപാതക ശ്രമത്തിൽ 22കാരിയെയും സുഹൃത്തിനെയും വാടകക്കൊലയാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഈ ക്രൂരകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
പ്രഗതി യാദവ്, അനുരാഗ് യാദവ് എന്നിവരാണ് പ്രതികൾ.കഴിഞ്ഞ നാല് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. മാർച്ച് 19 ന് വയലിൽ ഗുരുതരമായി ഒരാൾ പരിക്കേറ്റ് കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതായി സഹാർ എസ്എച്ച്ഒ പങ്കജ് മിശ്ര തിങ്കളാഴ്ച പിടിഐയോട് പറഞ്ഞു. പ്രഗതിയുടെ ഭര്‍ത്താവ് ദിലീപ് യാദവ് ആണെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാളെ ബിധുനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ദിലീപിനെ സൈഫായ് ആശുപത്രിയിലേക്കും പിന്നീട് മധ്യപ്രദേശിലെ ഗ്വാളിയോറിലേക്കും പിന്നീട് ആഗ്രയിലേക്കും കൊണ്ടുപോയതായി പിടിഐ റിപ്പോർട്ട് ചെയ്തു. തുടര്‍ന്ന് നില വഷളാവുകയും മാർച്ച് 20 ന് കുടുംബം അദ്ദേഹത്തെ ഔറയ്യയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാർച്ച് 21 ന് മരണമടയുകയും ചെയ്തു.
അനുരാഗ് എന്ന മനോജ് ആണ് രാംജി ചൗധരി എന്ന വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിയത്. രണ്ട് ലക്ഷം രൂപക്കായിരുന്നു കരാര്‍. രാംജ് നഗർ പ്രദേശത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി പൊലീസ് പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച യുപിയിലെ മീററ്റ് ജില്ലയിലും സമാനസംഭവമുണ്ടായി. മാർച്ച് 4 ന് മുൻ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് 18നാണ് സംഭവം പുറംലോകമറിയുന്നത്. രജ്പുത്തിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മുസ്‌കാൻ റസ്റ്റോഗിയും കാമുകൻ സാഹിൽ ശുക്ലെയും ചേർന്ന് മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കി ഒരു ഡ്രമ്മിൽ ഇട്ട് സിമന്‍റ് കൊണ്ട് മൂടി. തുടർന്ന് പ്രതികൾ വെക്കേഷൻ ആഘോഷിക്കാൻ ഹിമാചൽ പ്രദേശിലേക്ക് പോയി. പിന്നാലെ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.