രാജ്യത്തെ വിഭജിക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ല: മമത
ബി.ജെ.പി വാചകമടിപ്പാര്‍ട്ടിയെന്ന് മമത
രാജ്യത്തെ വിഭജിക്കാന്‍ ബി.ജെ.പി യെ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനര്‍ജി. രാജ്യത്തെ വിഭജിച്ച് താലിബാന്‍ രാഷ്ട്രമാക്കാന്‍ ബി.ജെ.പി യെ സമ്മതിക്കില്ലെന്ന് മമത പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തൃണമൂല്‍ ഭരിക്കുന്ന വെസ്റ്റ് ബംഗാളില്‍ സര്‍ക്കാര്‍ ദുര്‍ഗാപൂജയും ലക്ഷ്മിപൂജയും അനുവദിക്കുന്നില്ലെന്ന ആരോപണത്തിനും മമത മറുപടി നല്‍കി.
'ബി.ജെ.പി വാചകമടിപ്പാര്‍ട്ടിയാണ്. ബംഗാളില്‍ സര്‍ക്കാര്‍ ദുര്‍ഗ്ഗാപൂജക്കും ലക്ഷ്മി പൂജക്കും അനുമതി നല്‍കുന്നില്ലെന്ന അവരുടെ വാദം പച്ചക്കള്ളമാണ്. നരേന്ദ്രമോദിയോടും അമിത്ഷായോടും ഞങ്ങള്‍ക്ക് പറയാനുള്ളത് ഇന്ത്യയെ താലിബാനാക്കരുത് എന്നാണ്. രാജ്യത്തെ വിഭജിക്കാന്‍ ഞങ്ങള്‍ ആരെയും സമ്മതിക്കില്ല. ഇന്ത്യ എക്കാലവും ഐക്യത്തോടെ നിലകൊള്ളും' മമത പറഞ്ഞു.
കഴിഞ്ഞ കാലയളവിലെ തൃണമൂല്‍ സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മമത നന്ദി ഗ്രാമില്‍ തന്നെ തോല്‍പ്പിക്കാന്‍ ബി.ജെ.പി നാണംകെട്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.