ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം; ഇന്ന് ഇന്ത്യാ ഗേറ്റിനുമുൻപിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്‍റ് മന്ദിരം വളയുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് താരങ്ങൾ പ്രതിഷേധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്‍റ് മന്ദിരം വളയുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ സമരം പുനരാരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാന്‍ ഡൽഹി പൊലീസ് തയാറായിട്ടില്ല. സമരം ശക്തമാക്കി മുന്നോട്ടുപോകാനാണ് താരങ്ങളുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും കർഷകരുടെയും പൂർണപിന്തുണ ഗുസ്തി താരങ്ങള്‍ക്കുണ്ട്.
ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് ഈ മാസം 27 വരെയാണ് ഗുസ്തിതാരങ്ങൾ സമയം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തില്ലെങ്കിൽ ഉദ്ഘാടന ദിവസം തന്നെ പുതിയ പാർലമെന്‍റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ നടക്കുന്ന മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തില്‍ ഭാഗമാകാന്‍ പൊതുജനങ്ങളോടും താരങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, താരങ്ങളുടെ സമരത്തിന് കർഷകപിന്തുണ വർധിക്കുന്നത് ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ, ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്താൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.
Summary: It has been a month since the strike started by wrestlers against the President of Wrestling Federation of India (WFI) and BJP MP Brij Bhushan. The wrestling stars will protest by lighting a candle in front of India Gate today