പ്രളയക്കെടുതിയില്‍ ഡൽഹി; സുപ്രിംകോടതി പരിസരത്ത് വരെ വെള്ളമെത്തി

ഇന്ന് മുതൽ യമുനയിലെ ജലനിരപ്പ് കുറയുമെന്നാണ് വിലയിരുത്തല്‍

Update: 2023-07-14 02:19 GMT
Advertising

ഡൽഹി: ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ്. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്.

വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിലാണ് ഡൽഹി. സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഇന്ന് മുതൽ യമുനയിലെ ജലനിരപ്പ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം.

ഫ്രാൻസിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ എന്നിവരെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എൻ.ഡി.ആർ.എഫ് ടീമിന്റെ വിന്യാസമടക്കമുള്ള കാര്യങ്ങൾ അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 23692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

അതേസമയം യമുനയെ ചൊല്ലി രാഷ്ട്രീയ പോരും രൂക്ഷമാണ്. ആം ആദ്മി സർക്കാരിനെ വിമർശിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്ത് വന്നു. എന്നാൽ ഹത്നികുണ്ഡ് ഡാമിൽനിന്ന് വെള്ളം ഒഴുക്കുന്നത് ഡൽഹിയിലേക്ക് മാത്രമാണെന്നും ഉത്തർപ്രദേശിലേക്ക് തുറന്നു വിടുന്നില്ലെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കത്തിൽ 91 പേർ മരിച്ചതായി സർക്കാർ അറിയിച്ചു. ജൂൺ 24 മുതൽ ജൂലൈ 13 വരെയുള്ള കണക്ക് മാത്രമാണിത്. ഹിമചൽ പ്രദേശിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർഥികൾ ഡല്‍ഹിയിലെ കേരള ഹൌസിലെത്തി. എറണാകുളം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് തിരിച്ചെത്തിയത്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News